രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയോളം കേരളത്തിൽ, നിയന്ത്രണങ്ങൾ ഗുണം ചെയ്തില്ലെന്ന് വിലയിരുത്തൽ
ദില്ലി: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തി കാറ്റഗറി തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്തില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ ആകെയുളള കൊവിഡ് രോഗികളില്‍ പകുതിയും കേരളത്തിലാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 49. 85 ശതമാനവും കേരളത്തിലുളള രോഗികളാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ ഉളളതും കേരളത്തില്‍ മാത്രമാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുളള 18 ജില്ലകള്‍ ആണുളളത്. അതില്‍ പത്തെണ്ണവും ഉളളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ടിപിആര്‍ നിരക്കിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. കേരളത്തിലെ പത്ത് ജില്ലകളിലും ടിപിആര്‍ പത്തിന് മുകളിലാണ്. രാജ്യത്താകെ 44 ജില്ലകളിലാണ് ടിപിആര്‍ നിരക്ക് പത്തിന് മുകളില്‍ ഉളളത്.

കേരളത്തില്‍ സമീപദിവസങ്ങളിലായി ഇരുപതിനായിരത്തിലും അതിന് മുകളിലുമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ കുറവില്ലാത്ത പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്ന് വിദഗ്ധ സംഘം സ്ഥിതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുതല്‍ ഉളള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. ആര്‍ടിപിസിആര്‍ പരിശോധന കേരളം ഉയര്‍ത്തണം എന്നാണ് വിദഗ്ധ സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സംവിധാനം മെച്ചപ്പെടുത്തണം എന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചു. കൂടാതെ വീടുകളിലെത്തിയും നിരീക്ഷണം വേണം എന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പകുതി പേരും കൊവിഡ് ബാധ ഏല്‍ക്കാത്തവരാണ് എന്നാണ് ഐസിഎമ്മാറിന്റെ പുതിയ സീറോ സര്‍വേ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 44.4 ശതമാനം പേരിലാണ് കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള ആന്റിബോഡിയുളളത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇനിയും കൊവിഡ് വ്യാപനം ഉണ്ടാകാനുളള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ഇതിനുളള പരിഹാരമാര്‍ഗം. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചവര്‍ 16 ശതമാനം മാത്രമാണ്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ കിട്ടാത്തത് കേരളത്തില്‍ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഓണത്തിന് മുന്‍പ് കൂടുതല്‍ വാക്‌സിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം.












Click it and Unblock the Notifications