'നടക്കാൻ സാധ്യതയില്ലന്ന് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി '; കിടിലൻ വര്‍ക്ക്ഔട്ടുമായി ഹനാന്റെ തിരിച്ചുവരവ്
സ്വന്തം പഠനത്തിന് വേണ്ട ചെലവുകള്‍ കണ്ടെത്താന്‍ തെരുവില്‍ മീൻകച്ചവടം നടത്തിയ ഹനാനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ജീവിതത്തോട് പടപൊരുതി മുന്നേറുന്ന പെണ്‍കുട്ടിയെ അഭിമാനത്തോടെയാണ് മലയാളികള്‍ കണ്ടത്. 2018 ല്‍ വാഹനാപടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ വാര്‍ത്തകളിലൂടെയാണ് ഹനാൻ് പിന്നീട് മലയാളികള്‍ക്ക് മുമ്പിലെത്തിയത്. എഴുന്നേറ്റ് നടക്കാൻ 10 ശതമാനം മാത്രമാണ് സാധ്യതതയെന്ന് അന്ന് ഹനാനെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ജീവിതത്തില്‍ തോറ്റ് ശീലമില്ലാത്ത പെണ്‍കരുത്ത് ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ചിട്ടയായ വ്യായാമത്തിലൂടെയും വര്‍ക്ക്ഔട്ടിലൂടെയുമാണ് മിടുമിടുക്കിയായി ഹനാന്‍റെ തിരിച്ചുവരവ്.
Anec Dot മീഡിയ എന്ന യൂട്യൂബ് ചാനല്‍ പങ്കുവെച്ച വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.വെറും രണ്ടു മാസം കൊണ്ടാണ് ഹനാന്‍ ഇപ്പോഴത്തെ രീതിയില്‍ ശരീരം ടോൺ ചെയ്തെടുത്തിരിക്കുന്നത്.'ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല'- ഹനാൻ പറയുന്നു.

image courtesy : Anec Dot മീഡിയ
വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്. എന്നാല്‍ പതുകെ എല്ലാം ശരിയായി തുടങ്ങി. മാസ്റ്റര്‍ തന്‍റെ ലൈഫിലേക്ക് വന്നത് ഒരു മിറാക്കിള്‍ ആണെന്നും ഹനാന്‍ പറയുന്നു. തന്നെ കളിയാക്കിയവര്‍ എല്ലാം ഇപ്പോള്‍ മാറ്റി പറഞ്ഞു തുടങ്ങി. ആളിപ്പോ മിടുക്കി ആയലോ എന്നാണ് എല്ലാവരും പറയുന്നത്.വലിയൊരു സഹായ ഹസ്തമാണ് ട്രെയ്നര്‍ ജിന്‍റോയിലൂടെ ലഭിച്ചതെന്നും ഇത് തന്‍റെ പുനര്‍ ജന്‍മം ആണെന്നും ഹനാൻ പറയുന്നു. അതേസമയം ഹനാന് മോട്ടി വേഷനാണ് നിലവില്‍ വേണ്ടതെന്നാണ് ട്രെയ്നര്‍ ജിന്‍റോയുടെ അഭിപ്രായം. മികച്ച പരിശീലനമാണ് ഹനാന് കൊടുക്കുന്നതെന്നും ജിന്‍റോയും പറയുന്നു.

image courtesy : Anec Dot മീഡിയ
സ്‌കൂള്‍ ബാഗും തൂക്കി മീൻ കച്ചവടത്തിനറങ്ങിയതോടെയാണ് ഹനാൻ എന്ന പെണ്‍കുട്ടി കേരളത്തില്‍ ആദ്യമായി ചര്‍ച്ചയായത്. പഠനത്തിനൊപ്പം മീൻ കച്ചവടവും നടത്തുന്ന പെണ്‍കുട്ടി അതിവേഗം കേരളക്കരയില്‍ ചര്‍ച്ചയായി.പിന്നാലെ നിരവധി പേരും കുട്ടിയെ തേടിയെത്തി. ആരാണ് ഹനാൻ എന്നതായിരുന്നു പ്രധാന ചോദ്യം. ജീവതത്തില്‍ തോറ്റ് പോയിടത്തുന്നെല്ലാം പൊരുതി ജയിച്ച കഥയാണ് ഹനാൻ എന്ന പെണ്‍കുട്ടിയുടേത്. ഹനാന്റെ ഹയർസെക്കൻഡറി പരീക്ഷ നടക്കുന്ന സമയത്താണ് മാതാപിതാക്കൾ വേർപിരിയുന്നത്. ഭാര്യയുമായി പിരിഞ്ഞ ഹമീദ് മകനെ ഒപ്പം കൂട്ടി. പരീക്ഷാഹാളിൽ നിന്നറങ്ങിയപ്പോഴാണ് തനിക്ക് മടങ്ങിച്ചെല്ലാൻ ഒരു വീടില്ലെന്ന് ഹനാൻ തിരിച്ചറിയുന്നത്.പരീക്ഷയുടെ റിസൽട്ട് വരുന്ന ഒരുമാസക്കാലം കൂട്ടുകാരിയുടെ വീട്ടിലായിരുന്നു താമസം പിന്നീട് കൊച്ചിയിലെത്തി കോൾ സെന്ററിൽ ജോലിതരപ്പെടുത്തി.

ഇടയ്‌ക്ക് ഭാഗികമായി കേൾവി ശക്തി നഷ്ടപ്പെട്ടത്തോടെ കോൾസെന്ററിലെ ജോലി നഷ്ടമായി. പ്രതീക്ഷ നഷ്ടപ്പെടുത്താതെ ഹനാൻ കൊച്ചിയിലെ മറ്റൊരു കമ്പനിയിൽ ഡേറ്റ എൻട്രി സ്റ്റാഫ് ആയി ജോലിയിൽ കയറി.ഉത്സവ സീസണിൽ ആലുവ മണപ്പുറത്ത് ബജിക്കച്ചവടം നടത്തുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരാണ് മീൻകച്ചവടത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഹനാൻ പറയുന്നു. മീൻ കച്ചവടത്തിലെ പങ്കാളികളിലൊരാൾ മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ ആ കൂട്ടുകെട്ടിൽ നിന്ന് ഹനാൻ പിൻവാങ്ങി.പിന്നീട് ഹനാൻ തനിയെയാണ് മീൻകച്ചവടം നടത്തിയത്. ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. മാര്‍ക്കറ്റിലെത്തി മീൻ എടുത്ത് കച്ചവടം കഴിഞ്ഞാല്‍ കോളേജിലക്ക്. വൈകുന്നേരം പഠനം കഴിഞ്ഞാല്‍ നേരെ മീൻ ചന്തയിലേക്ക്. ഈ സമയത്താണ് ബാഗുമായി മീൻ് വില്‍ക്കുന്ന ഹനാൻ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

എന്നാല്‍ വിവാദങ്ങളും ഹനാനെ വിടാതെ പിന്തുടര്‍ന്നു. സംവിധായകന്‍ അരുണ്‍ ഗോപി ഹനാന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതോടെ മീന്‍വില്‍പ്പന സിനിമാ പ്രൊമോഷന് വേണ്ടിയുള്ളതാണെന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രചാരണം.തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. എന്നാല്‍ ഹനാന്റെ മീന്‍വില്‍പ്പന വ്യാജമല്ലെന്നും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ഹനാന്‍ എന്നുമുള്ള യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വന്നു. സൈബര്‍ ആക്രമണക്കാരെ പൊലീസ് നോട്ടമിട്ട് തുടങ്ങിയതോടെ വിവാദങ്ങളും മെല്ലെ അവസാനിച്ചു. ഹനാനും വാര്‍ത്തകളില്‍ നിന്ന് മറഞ്ഞു.

പിന്നീട് 2018ല്‍ ഉണ്ടായ വാഹനാപകടത്തിലൂടെയാണ് ഹനാൻ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കോഴിക്കോട് വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് ഹനാന്‍ അപകടത്തില്‍പ്പെട്ടത്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഹനാനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ജീവതത്തിലെ അടുത്ത മോശം ഘട്ടത്തിലേക്ക് ഹനാൻ കടന്നത്. 10 ശതമാനം മാത്രമായിരുന്നു ഹനാൻ നടക്കാൻ ഡോക്ടര്‍മാര്‍ നല്‍കിയ സാധ്യത. തുടര്‍ന്ന് വീണ്ടും വാര്‍ത്തകളില്‍ നിന്ന മാഞ്ഞ പെണ്‍കുട്ടി തന്‍റെ ജീവിത വിജയത്തിന്‍റെ പുതിയ കഥയുമായാണ് വീണ്ടും മലയാളികള്‍ക്ക മുമ്പിലേക്ക് എത്തിയിരിക്കുന്നത്












Click it and Unblock the Notifications