• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാപ്പി ന്യൂ ഇയർ 2022; രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം പുതുവത്സരാഘോഷം: പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യർത്ഥിക്കുന്നു'- മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്.

ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു പോകാൻ നമുക്കു സാധിച്ചു. വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയ്ക്കായി ജനങ്ങൾ ഉജ്ജ്വലമായ വിധിയെഴുതിയത്.

കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികൾ നാം ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതൽ മികവിലേയ്ക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിൻ്റേത് ഉൾപ്പെടെ നിരവധി ദേശിയ സൂചികകളിൽ മികച്ച സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു. അഭിമാനാർഹമായ ഈ നേട്ടങ്ങൾക്ക് കാരണം സർക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണ്.

നാടിൻ്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതൽ കരുത്തോടെ പുതുവർഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികൾ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പങ്കാളികൾ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.

cmsvideo
  Controversies that Pinarayi government faced in 2021 | Oneindia Malayalam

  അതിലുപരി നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്നും തീരുമാനിക്കാം. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം.
  കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യർത്ഥിക്കുന്നു. ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ.

  English summary
  Happy New Year 2022; New Year celebrations should be vigilant to prevent the spread of disease: Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion