സംസ്ഥാനത്ത് ശക്തമായമഴക്ക് സാധ്യത; 12 ജില്ലകളില്‍യെല്ലോ അലര്‍ട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴപെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കുന്നതോടെ പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതിനാല്‍ കേരളത്തിലും കാര്യമായ മഴ കിട്ടുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. . വ്യപകമായി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണം എന്നാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് ശേഷമേ, കേരളത്തില്‍ ഉണ്ടാകാവുന്ന സ്വാധീനത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ മഴ ശക്തമമായി പെയ്ത്‌കെണ്ടിരിക്കുകയാണ് ഇവിടെ. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യതയെന്നാണേ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നനല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 11 ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. മൊത്തം 16 ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും കനത്ത മഴയാണ് യ്യെുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുന്നുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുമാണ്.
ചെന്നൈ നഗരത്തില്‍ ടി നഗര്‍ ഉസ്മാന്‍ റോഡ്, ജിവി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പോണ്ടിച്ചേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയിും ചെയ്തിരുന്നു. കനത്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറുകയും നീരൊഴുക്ക് കൂടിയതിനാല്‍ ചെമ്പരമ്പാക്കം അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുമുണ്ട്. രാത്രിയോടെ തിരുപ്പതിയിലടക്കം കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. തിരുപ്പതിയിലേക്കുള്ള വിമാനസര്‍വ്വീസുകളടക്കം വഴിതിരിച്ചുവിരിക്കുകയാണ് നിലവില്‍. ഇവ ബംഗ്ലൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലിറങ്ങുമെന്നാണ് അറിയിച്ചത്. തിരുപ്പതി വിമാനത്താവളത്തിലടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് വിമാനം വഴിതിരിച്ച് വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍മേഖലയിലാണ് മഴ കൂടുതല്‍ ശക്തമായിരിക്കുന്നത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്്‌ന അധികൃതര്‍ അറിയിച്ചു. തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുമല മലയടിവാരത്തെ ക്ഷേത്രങ്ങളിലും വെള്ളക്കെട്ടില്‍ മുങ്ങി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചിറ്റൂരില്‍ സ്വര്‍ണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു.300 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഝനസഹായവും പ്രഖ്യാപിച്ചു. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications