മുഖ്യമന്ത്രിക്കായുള്ള ഹെലികോപ്ടര്‍ എത്തി; ഒരു മാസം കൊടുക്കേണ്ട വാടക എത്രയെന്നറിയാമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ഉപയോഗിക്കാനായി വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിച്ചു. ദല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ ആണിത്. ചൊവ്വാഴ്ച വൈകിട്ടോടെ ആണ് തിരുവനന്തപുരം എസ് എ പി ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. ഹെലികോപ്ടര്‍ പാര്‍ക്ക് ചെയ്യുക ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും.
മധ്യ കേരളത്തില്‍ നിന്ന് ഏത് ജില്ലയിലേക്കും പോകാനുള്ള സൗകര്യം പരിഗണിച്ചാണ് പാര്‍ക്കിംഗ് ചാലക്കുടിയിലാക്കിയത് എന്നാണ് വിവരം. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേക്കു പോകും. സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തേക്കാണ് ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ഈ സ്വകാര്യ കമ്പനിക്ക് വാടകയായി നല്‍കേണ്ടത്. അധികം പറക്കുന്ന ഓരോ മണിക്കൂറിനും 90000 രൂപ അധികം നല്‍കേണ്ടി വരും. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് ഈ ഹെലികോപ്ടറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമായത്.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്ടര്‍ ഉപയോഗിക്കും. നേരത്തെ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല. അതോടെ കരാര്‍ പുതുക്കിയില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടി സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ നടപടി എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് എന്നും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.












Click it and Unblock the Notifications