ഹേമ കമ്മിറ്റി റിപ്പോർട്ട്; 'നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത് തീരുമാനിക്കും'
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി പി രാജീവ്. റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കമ്മീഷനും മുഖ്യവിവരാവകാശ കമ്മീഷനും സ്വകാര്യതയെ കണക്കിലെടുത്ത് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തരുതെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഒരു ഘട്ടത്തിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് സർക്കാർ എതിര് നിന്നിട്ടില്ല. കേരളം മാത്രമാണ് സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ള സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്തും സിനിമാ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പൊലീസ് നടപടികൾ വരെ ഉണ്ടായിട്ടുണ്ട്. വേറെ സർക്കാരാണെങ്കിൽ ആ കേസെല്ലാം എങ്ങനെ ആയിത്തീരുമായിരുന്നെന്നും ആലോചിക്കേണ്ടതാണ്. ശക്തമായ നിലപാടാണ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചത്. അതിന്റെ ഭാഗമായി വനിതകൾ മാത്രമായിക്കൊണ്ട് ഒരു കമ്മിഷനെ വെക്കുകയും ചെയ്തത്. ഈ വിഷയത്തിൽ നിഗൂഡതകൾ മാറ്റുന്നതിന് സാധ്യമായ നയങ്ങൾ കൈക്കൊള്ളാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയംജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച 24 നിർദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു.. സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കും. ഇതിനായി ഒരു കോടി രൂപ അനുവദിക്കും. അമ്മ, ഡബ്ല്യൂസിസി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമ നയം കൊണ്ടുവരുന്നതിനായി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ കൺവീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും വിദഗ്ധ സമിതി റിപ്പോർട്ടുകളും വിവിധ സിനിമ സംഘടനകളുടെ അഭിപ്രായങ്ങളുൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കും. സിനിമ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക മേഖല മികവുറ്റതാക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications