തുടക്കക്കാരന് ലഭിച്ചത് ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനം; അനില്‍ ആന്റണി വഹിച്ച പ്രധാന സ്ഥാനങ്ങൾ
കോൺഗ്രസുമായി ഇടഞ്ഞുനിന്നിരുന്ന അനിൽ ആന്റണി പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയിരിക്കുകയാണ്. ബിജെപി ആസ്ഥാനത്ത് എത്തിച്ചേർന്നാണ് അനിൽ ഔദ്യോഗിക അംഗത്വം സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ എകെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയി എന്നതിലുപരി കോൺഗ്രസിൽ സുപ്രധാന പദവികൾ വഹിച്ചിരുന്ന നേതാവായിരുന്നു അനിൽ, അങ്ങനെ ഒരു നേതാവ് കൂടിയാണ് ബിജെപിയിലേക്ക് പോയത്.
ബിബിസി ഡോക്യുമെന്ററിക്ക് അനുകൂലമായ കോൺഗ്രസ് നിലപാട് ചോദ്യം ചെയ്തുള്ള വിവാദത്തെ തുടർന്ന് അനിൽ ആന്റണി പാർട്ടി പദവികൾ വിട്ടൊഴിഞ്ഞിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും, എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്റർ സ്ഥാനവും അനിൽ ആന്റണി വഹിച്ചിരുന്നു. ഈ സ്ഥാനങ്ങൾ അനിൽ രാജിവെച്ചിരുന്നു. 2019 ൽ, അദ്ദേഹം കോൺഗ്രസിൽ ചേർന്നുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി അദ്ദേഹത്തെ നിയമിച്ചു. 2020-ൽ എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സെല്ലിന്റെ ദേശീയ കോർഡിനേറ്ററും ആയി. അദ്ദേഹം ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഐഎൻസിയുടെ കേരള യൂണിറ്റ് കൈകാര്യം ചെയ്തു. അനിൽ ആന്റണി ചുമതല വഹിച്ചിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനം ഡോ. സരിനാണ് ഇപ്പോൾ ചുമതല വഹിക്കുന്നത്.
കേരളത്തിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (സിഇടി) യിൽ (2003 - 2007) ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജി പഠിച്ചു. 2007 മുതൽ 2009 വരെ യുഎസിലെ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി.
ബിബിസിക്കെതിരെ രൂക്ഷവിമർശനം ആയിരുന്നു അനിൽ ആന്റണി നടത്തിയിരുന്നത്. കശ്മീർ ഇല്ലാത്ത ഭൂപടം ബിബിസി പലതവണ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ് ബിബിസിയെന്നും അനിൽ ആന്റണി വിമർശിച്ചിരുന്നു. സവർക്കറെ അനുകൂലിച്ചും അനിൽ ആന്റണി രംഗത്തു വന്നിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ചുരുങ്ങിയപക്ഷം ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സവർക്കറെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും കോൺഗ്രസ് നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു.
അനിൽ പാർട്ടിതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എ കെ ആന്റണി വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം . കെപിസിസി ആസ്ഥാനത്ത് വൈകീട്ട് 5.30 നാണ് ആന്റണി മാധ്യമപ്രവർത്തകരെ കാണുക. മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ വളരെ പ്രധാന്യമുള്ളതാണ് ഇത്.












Click it and Unblock the Notifications