അഭിനയിക്കാനറിയാത്ത രാഷ്ട്രീയക്കാരന്‍... അടിയുറച്ച കമ്യൂണിസ്റ്റ്; ഇന്നസെന്റ് വിടപറയുമ്പോള്‍
തൃശൂര്‍: ഇന്നസെന്റിന്റെ മരണത്തോടെ നഷ്ടമാകുന്നത് മലയാളത്തിലെ മികച്ച നടന്‍ എന്നതിനൊപ്പം നാട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരനേയും. സിനിമാ തിരക്കുകളില്‍ സജീവമാകുമ്പോഴും രാഷ്ട്രീയത്തിലെ എല്ലാ ചലനങ്ങളും നിരീക്ഷിച്ചയാളായിരുന്നു ഇന്നസെന്റ്. അതുകൊണ്ട് തന്നെയാണ് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ പി സി ചാക്കോ എന്ന മഹാമേരുവിനെ പരാജയപ്പെടുത്താന്‍ ഇന്നസെന്റിലെ കമ്യൂണിസ്റ്റിനെ തെരഞ്ഞെടുക്കാന്‍ ആദ്യം സി പി എമ്മിനനെ പ്രേരിപ്പിച്ചു.
ആ തീരുമാനം ശരിയാണ് എന്നായിരുന്നു ജനങ്ങള്‍ വോട്ട് ചെയ്ത് കൊണ്ട് ഉറക്കെ പറഞ്ഞത്. എന്നാല്‍ അതിനും മുന്‍പെ രാഷ്ട്രീയത്തിലിറങ്ങിയ ആളായിരുന്നു ഇന്നസെന്റ്. 1970 കളില്‍ ആര്‍ എസ് പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു ഇന്നസെന്റ് എന്ന് കേട്ടാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. 1979 ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് ജയിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് സിനിമയില്‍ സജീവമായി തുടങ്ങിയത്. ഇന്നസെന്റിന്റെ അച്ഛന്‍ അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു. അത് തന്നെയാണ് ഇന്നസെന്റിലേക്കും പകര്‍ന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോ എന്ന കോണ്‍ഗ്രസിലെ കരുത്തനെ 13,884 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലോക്‌സഭാ എം പി എന്ന നിലയിലും മികച്ച പ്രകടനമാണ് ഇന്നസെന്റ് കാഴ്ച വെച്ചത്.
എന്നാല്‍ 2019 ലെ രാഹുല്‍ തരംഗത്തില്‍ ഇന്നസെന്റിന് രണ്ടാം വട്ടം ബെന്നി ബഹനാനോട് അടി പതറി. എം പി ഫണ്ട് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ചവരില്‍ മുന്‍പന്തിയിലായിരുന്നു ഇന്നസെന്റ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 24.03 കോടി രൂപയില്‍ 14.74 കോടി രൂപയും അദ്ദേഹം വിനിയോഗിച്ചിരുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇത് വഴി ഇന്നസെന്റിനും ജനപ്രീതി വര്‍ധിച്ചു.












Click it and Unblock the Notifications