സ്വപ്‌ന പറഞ്ഞത് തെളിവുകളോടെയെന്ന് സുധാകരന്‍, ഗുരുതരമെന്ന് സതീശന്‍; ഏറ്റെടുത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: മുന്‍ മന്ത്രിമാരായ സി പി ഐ എം നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ്. സ്വപ്ന സുരേഷിന്റെ ലൈംഗീകാരോപണത്തില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
സ്വപന സുരേഷ് തെളിവ് വച്ചാണ് സംസാരിക്കുന്നത് എന്നും എന്താണ് പാര്‍ട്ടി പ്രതികരിക്കാത്തത് എന്നും കെ സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ എന്നും സുധാകരന്‍ ആരാഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോ എന്നും സുധാകരന്‍ ചോദിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ നടപടി കെ പി സി സി നേതാക്കന്മാരുടെ യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കും. എം എല്‍ എയ്‌ക്കെതിരായ പരാതിയും കോടതി പരാമര്‍ശവും പരിശോധിക്കും എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗുരുതതരമാണ് എന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കണം എന്നും നിരപരാധിത്വം തെളിയിക്കേണ്ടത് മുന്‍ മന്ത്രിമാര്‍ ആണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നുമാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നും സ്വപ്‌ന സുരേഷ് വെൡപ്പെടുത്തിയിരുന്നു. ഒരു എം എല്‍ എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും അവര്‍ പറഞ്ഞിരുന്നു.

കടകംപള്ളി ഫോണിലൂടെ മോശമായി സംസാരിച്ചു എന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ലൈംഗികചുവയോടെ പെരുമാറിയിട്ടുണ്ട്. വീട്ടിലേക്ക് വരാം, ഹോട്ടലില്‍ റൂമെടുക്കാം എന്നൊക്ക അദ്ദേഹം പറഞ്ഞിരുന്നു. പി ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത് എന്നും സ്വപ്ന പറഞ്ഞിരുന്നു.












Click it and Unblock the Notifications