'സ്വകാര്യബില്‍ എംപിയുടെ അവകാശം, ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ്'; തലസ്ഥാനമാറ്റത്തില്‍ ഹൈബി
തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ഹൈബി ഈഡന്‍ എം പി. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി വിവാദമാക്കി എന്ന് ഹൈബി ആരോപിച്ചു. വിവാദമുണ്ടാക്കി സംസ്ഥാന സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല സ്വകാര്യ ബില്ലുകള്‍ കൊടുക്കാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു. 'ഈ വിഷയം സംബന്ധിച്ച് എന്റെ പരിപൂര്‍ണമായ അഭിപ്രായം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിവാദം അതോട് കൂടി അവസാനിപ്പിക്കണം എന്നുള്ളതായിരുന്നു എന്റെ അഭ്യര്‍ത്ഥനയും,' ഹൈബി പറഞ്ഞു. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ബില്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ആശയം പ്രചരിപ്പിക്കുക അത് ചര്‍ച്ച ചെയ്യുക എന്നുള്ളതാണ്. സ്വകാര്യ ബില്ലിന്റെ സ്വഭാവം ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയുമായിരിക്കും. അതാണ് അതിന്റെ രീതി.
ബില്ലുകള്‍ എല്ലാം പാര്‍ലമെന്റ് സ്വീകരിക്കാറില്ല, ഹൈബി പറഞ്ഞു. ബില്ല് ചോര്‍ന്നതില്‍ ദുരൂഹത ഉണ്ടെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാര്‍ലമെന്റില്‍ നോട്ടീസ് കൊടുത്തൊരു ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. അങ്ങനെയിരിക്കെ എങ്ങനെയാണ് ഈ ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്ത് പോയത് എന്ന് എല്ലാവര്‍ക്കും അറിയാം.
ഈ ചര്‍ച്ചക്കെല്ലാം കാരണമായത് ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ചെയ്തികളേയും മറച്ച് വെക്കാനുള്ള മാധ്യമമായി ബില്ലിനെ കണ്ടു എന്നേ ഉള്ളൂ. പാര്‍ട്ടി ഇത് നയപരമായി അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് പറഞ്ഞാല്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കും. പാര്‍ട്ടി പറയുന്ന തീരുമാനമാണ് തനിക്ക് അന്തിമമായ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ രൂക്ഷമായി വിമര്‍ശിച്ച നേതാക്കളുടെ സീനിയോറിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ലെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നല്‍കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications