ഗ്രൂപ്പുകളെ നീക്കം രണ്ടാം തവണയും പൊളിച്ച് ഹൈക്കമാന്‍ഡ്, തന്ത്രം ഇങ്ങനെ; മൂന്നാം അങ്കത്തില്‍ ആര്
തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പ്രബല ഗ്രൂപ്പുകളായിരുന്ന എ യും ഐയുമായിരുന്നു. ആന്‍റണി-കരുണാകരന്‍ കാലഘട്ടത്തില്‍ നിന്നും ഗ്രൂപ്പുകളുടെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദ്വത്തിന്‍റെ കൈകളിലേക്ക് എത്തിയിട്ട് വര്‍ഷം 18 കഴിഞ്ഞു. ഗ്രൂപ്പുകള്‍ എക്കാലത്തും ഉണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും മുകളില്‍ വളര്‍ന്നത് കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയെ തന്നെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വി കൂടി ആയതോടെ ഇനിയും ഗ്രൂപ്പുകളുടെ വഴിക്ക് പാര്‍ട്ടിയെ വിടാന്‍ കഴിയില്ലെന്ന തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം എത്തിയതിന്‍റെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നും പാര്‍ട്ടിയെ മോചിതമാക്കുകയെന്ന തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം എത്തുന്നത്. ഇതോടെയാണ് പതിവ് ഗ്രൂപ്പ് വീതം വെയ്പ്പിന് അപ്പുറത്തേയ്ക്ക് കാര്യങ്ങല്‍ കടക്കുന്നത്. ആദ്യ നീക്കം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കായിരുന്നു.

രമേശ് ചെന്നിത്തലയക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടി നിന്നിട്ട് പോലും ഹൈക്കമാന്‍ഡിന്‍റെ തീരുമാനം പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിക്കാനായിരുന്നു. ഗ്രൂപ്പുകള്‍ക്ക് കനത്ത തിരിച്ചടിയേറ്റ അതേ മാതൃകയാണ് ഇപ്പോള്‍ ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

കെ സുധാകരനും വിഡി സതീശനും ചേര്‍ന്ന് ഗ്രൂപ്പുകളെ പിളര്‍ത്തിയപ്പോള്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ കരുനീക്കങ്ങളും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതില്‍ തന്ത്രപമരായ നീക്കമായിരുന്നു കേന്ദ്ര നേതൃത്വം നടത്തിയിരുന്നത്.

കക്ഷി നേതാവിനെ തീരുമാനിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്നുവെന്ന് ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയെക്കൊണ്ട് അംഗീകരിപ്പിച്ച് കൊണ്ടുവരണമെന്ന നിര്‍ദേശമായിരുന്നു നിരീക്ഷകരായി എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് എഐസിസി നല്‍കിയത്. നേതൃമാറ്റത്തിന് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നുവെന്ന സൂചന പോലും നല്‍കാതെയായിരുന്നു ഈ നീക്കം.

അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ നിയമസഭാ കക്ഷിയോഗത്തില്‍ വോട്ട് എടുപ്പ് നടത്തി ഗ്രൂപ്പ് നേതാക്കള്‍ തങ്ങളുടെ നീക്കത്തിന് തടയിടുമെന്ന് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടി. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള് തിരഞ്ഞെടുപ്പ് നടന്നാല്‍ നേതൃമാറ്റം എന്നത് സാധ്യമാവില്ല. ഇതേ തുടര്‍ന്നാണ് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം സംഘടിപ്പിച്ചത്.

ഇതിന് ശേഷമാണ് നേതൃമാറ്റമെന്ന നീക്കം ഗ്രൂപ്പുകളും അറിഞ്ഞത്. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയെങ്കിലും അതിനോടകം തന്നെ കോണ്‍ഗ്രസിന് അകത്തും നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരുന്നു. അങ്ങനെയാണ് രമേശ് ചെന്നിത്തലയെ പിന്തള്ളി പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ പ്രഖ്യാപിക്കുന്നത്.

പ്രതിപക്ഷ നേതാവ് നിയമനത്തില്‍ എന്നപോലെ ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയേറ്റു. സംസ്ഥാനത്ത് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഓരോ ജില്ലയിലേക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ പേരുകള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ചിരുന്നു.

നിര്‍ദേശങ്ങള്‍ സ്വീകരിച്ച കെപിസിസി ദില്ലി ചര്‍ച്ചകള്‍ക്ക് ശേഷം പട്ടിക അന്തിമമാക്കും മുമ്പ് ഒരുവട്ടം കൂടി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പും നല്‍കി. എന്നാല്‍ ദില്ലിയില്‍ എത്തിയ കെ സുധാകരനോട് പട്ടിക എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. ഇതേ തുടര്‍ന്ന് പിന്നീട് സംസ്ഥാന തലത്തില്‍ ചര്‍ച്ച നടന്നില്ല.

സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത് ഗ്രൂപ്പുകളുടെ വരുതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോവുമോ എന്നതായിരുന്നു ഹൈക്കമാന്‍ഡിന്‍റെ തിടുക്കപ്പെട്ട ക്കങ്ങള്‍ക്ക് പിന്നില്‍. അന്തിമ പട്ടിക നല്‍കാന്‍ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. നേരത്തെ പറഞ്ഞത് പ്രകാരം തിരിച്ചെത്തി ചര്‍ച്ചകള്‍ നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അതുണ്ടായില്ല.

ഇതോടെയാണ് ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലെ ഗ്രൂപ്പ് വീതം വെയ്പ്പിനെ ഒഴിവാക്കാന്‍ എഐസിസിക്ക് സാധിച്ചത്. ഇതോടെ ഉടന്‍ വരാനിരിക്കുന്ന കെപിസിസി-ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയില്‍ എഐസിസിയുടെ നീക്കങ്ങളുടെ കെണിയില്‍ പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ഗ്രൂപ്പുകള്‍ ആലോചിച്ച് തുടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications