നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ആവശ്യം ബാലിശം, അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസിലെ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന ആവശ്യമാണ് കോടതി തളളിയത്. പ്രോസിക്യൂഷന്‍ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയില്‍ നടക്കുന്നതിനിടെയാണീ നീക്കം.
എന്നാല്‍ പള്‍സര്‍ സുനിയുടെ ആവശ്യം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സാംപിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫോറന്‍സിക് ലബോറട്ടറി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പള്‍സര്‍ സുനി ആവശ്യപ്പെട്ടത്.

അതിന് കാരണമായി പള്‍സര്‍ സുനി ഹര്‍ജിയില്‍ വ്യക്തമാക്കിയത് ഈ രണ്ട് പേരുടേയും വിസ്താര സമയത്ത് താന്‍ ജയിലില്‍ ആയിരുന്നുവെന്നും അതുകൊണ്ട് ആ സമയത്ത് തന്റെ അഭിഭാഷകനുമായി ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല എന്നുമായിരുന്നു. ഇത് വിസ്താരത്തെ ബാധിച്ചിരിക്കാനുളള സാധ്യത പരിഗണിച്ച് ഇവരെ വീണ്ടും വിസ്തരിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഈ രണ്ട് സാക്ഷികളേയും നേരത്തെ 2021ലും 2022ലും വിസ്തരിച്ചതാണ്. അതുകൊണ്ട് ഇവരെ വീണ്ടും വിസ്തരിക്കേണ്ട കാര്യമില്ലെന്നും അത് അനാവശ്യമായി കേസിന്റെ വാദം നീട്ടിക്കൊണ്ട് പോകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് പള്‍സര്‍ സുനി ആദ്യം വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി ഹൈക്കോടതിയിലേക്ക് നീങ്ങിയത്.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കേസിന്റെ വിചാരണയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications