മുഹമ്മദ് നബി ധരിച്ച ചെരിപ്പിന്റെ മാതൃകയുമായി സൗദി അറേബ്യയിലെ ചരിത്ര എക്സിബിഷന്‍
റിയാദ്: മുഹമ്മദ് നബി ധരിച്ചിരുന്ന ചെരിപ്പിന്റെ പകർപ്പ് പ്രദർശിപ്പിച്ച് സൗദി അറേബ്യയിലെ എക്സിബിഷന്‍. മക്കയിൽ നിന്നും മദീനയിലേക്കുള്ള ചരിത്രപരമായ കുടിയേറ്റം പുനരാവിഷ്‌ക്കരിക്കുന്ന എക്‌സിബിഷനിലാണ് പ്രവാചകന്റെ ചെരുപ്പിന്റെ പകർപ്പിന്റെ പ്രദർശനം. അൻഡലൂഷ്യൻ കരകൗശല വിദഗ്ധരാണ് ചെരുപ്പിന്റെ മാതൃക നിർമ്മിച്ചതെന്നാണ് സൗദി മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ അടുത്തിടെ ആരംഭിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ച ചെരുപ്പിന്റെ മാതൃക കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമ്പത് മാസം നീണ്ട് നില്‍ക്കുന്ന പ്രദർശനം സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് മാറ്റാനും ആലോചനയുണ്ട്.

ഇസ്‌ലാമിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് മക്കയിൽ നിന്ന് മദീനയിലേക്ക് മുഹമ്മദ് നബിയും അനുചരന്മാറും നടത്തിയ യാത്ര. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണന അനുസരിച്ചാണ് ഹിജ്റ കലണ്ടർ തയ്യാറാക്കിയതും. "ഇത് വെറുമൊരു പ്രദർശനമല്ല. മൊബൈൽ ഗ്ലോബൽ ഷോ അവതരിപ്പിക്കുന്ന, അഭൂതപൂർവമായ ആധുനിക രീതിയിൽ അവതരിപ്പിക്കുന്ന ഒരു സംയോജിത പ്രോജക്റ്റാണിത്, " എക്സിബിഷന്‍ ഡയറക്ടർ അബ്ദുല്ല അൽ റാഷിദ് വ്യക്കമാക്കുന്നു.
പ്രദർശനത്തിൽ, പുരാവസ്തുക്കളുടെ ശേഖരവും തദ്ദേശീയരും വിദേശികളുമായ വിദഗ്‌ധർ രൂപകൽപന ചെയ്‌തിരിക്കുന്നു വസ്തുക്കളും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു ഡോക്യുമെന്ററിയും ഹിജിറ കഥ വിവരിക്കുന്ന പുസ്തകവും ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications