'ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റേയും കൈയ്യിൽ അല്ല'; മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരവകുപ്പ് ഗൂഢ സംഘത്തിന്റെ കൈയിൽ എന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണ്. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റേയും കൈയിൽ അല്ല, ശരിയായ രീതിയിലാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് അഭിമാനകരമായി പറയാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് ഇനി ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 'വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം നാടിന്റെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയില്‍ മേല്‍കുറ്റകൃത്യം നടന്ന സ്ഥലം. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പോലീസിനു വേണ്ടതുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാല്‍പ്പോലും അവയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ തന്നെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി 'നിഴല്‍' എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഭയില്‍ നല്‍കിയിട്ടുണ്ട്.
പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്കു പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications