'ആരും വരില്ല, നീ ഒറ്റക്കങ്ങ് ഉദ്ഘാടനം ചെയ്താല്‍ മതി'; ഹണി റോസിന് നേരെ സൈബര്‍ ആക്രമണം
കോഴിക്കോട്: ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും നടത്തി എന്ന നടി ഹണി റോസിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായിരുന്നു. അഞ്ച് ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഈ സംഭവം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ഹണി റോസിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഹണി റോസിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെന്‍സ് അസോസിയേഷനുമെല്ലാം ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പുതിയ കടയുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണി റോസ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയും ബോബി ചെമ്മണ്ണൂര്‍ അനുകൂലികള്‍ വിദ്വേഷ കമന്റുകളിടുകയാണ്.

പാലക്കാട് ജില്ലയിലെ ഒലവക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ആന്റ് മൊബൈല്‍സിന്റെ നവീകരിച്ച ഷോറും ഉദ്ഘാടനത്തിന് താന്‍ എത്തുന്നു എന്ന് അറിയിച്ച് കൊണ്ട് ഹണി റോസ് ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമന്റുകള്‍ നിറയുന്നത്. ആരും ഉദ്ഘാടനത്തിന് വരില്ല എന്നും ഒറ്റക്ക് ഉദ്ഘാടനം ചെയ്താല്‍ മതി എന്നുമാണ് പലരും കമന്റില്‍ പറയുന്നത്. ആ കട അധികം വൈകാതെ പൂട്ടിപ്പോകും എന്നാണ് മറ്റൊരാളുടെ കമന്റ്.
'ഏതോ പാവത്തിന് ജയിലില്‍ കിടക്കാന്‍ യോഗമുണ്ട്, ആ ഷോപ്പ് സമാധി ആയി, അന്തസ്സുണ്ടെങ്കില്‍ ആരും പോകരുത്' എന്നിങ്ങനെ തുടരുന്നു കമന്റുകള്‍. 'ആണത്തം ഉള്ള ഒരുത്തനും കാണില്ല നിന്റെ ഉദ്ഘാടനം കാണാന്‍...അഥവാ ഉണ്ടേല്‍ അത് കൂവാന്‍ ആയിരിക്കും..ആ കട എട്ടു നിലയില്‍ പൊട്ടട്ടെ എന്നും ആശംസിക്കുന്നു,' എന്നാണ് ഒരു പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്.
'ജനങ്ങള്‍ക്ക് ഉപകാരമുള്ള ബോബി സാറിനെ പോലുള്ളവര്‍ നാടിനാവശ്യമാണ്. നാടിന് ഒരു ഉപകാരവും ഇല്ലാത്തവര്‍ ഉത്ഘാടനം ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക, പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നത് ഇവളല്ല ബോബി ആണ്. അപ്പോള്‍ ഈ കടയുടെ കാര്യം ഒരു തീരുമാനം ആയി. ആരും പോകാതിരിക്കരുത് പക്ഷെ അവിടുത്തെ സാധനം വാങ്ങരുത്,' എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നുമടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷവും പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബിയ്‌ക്കെതിരെ കര്‍ശന വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. പണത്തിന്റെ ഹുങ്ക് ജുഡീഷ്യറിയോട് വേണ്ട എന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications