'ബോചെയ്ക്ക് എതിരെ കോടതി നടത്തിയത് പോസിറ്റീവ് വിമർശനം, ആ കാര്യം അദ്ദേഹത്തിന്റെ നന്മ'; രാഹുൽ ഈശ്വർ
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയും അതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിന്റെ അറസ്‌റ്റും ഒക്കെ കേരളത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം കിട്ടിയതിന് പിന്നാലെ ജയിലിൽ ബോബി നടത്തിയ പ്രകടനവും നാടകീയ സംഭവ വികാസങ്ങളും ഒക്കെ കൂടുതൽ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
അപ്രതീക്ഷിതമായി ഹൈക്കോടതി ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയതോടെ ബോബി ഉടൻ ജയിൽ മോചിതനാവുകയായിരുന്നു. ജയിലിൽ വച്ച് നടത്തിയ പ്രവർത്തികളുടെ പേരിൽ അദ്ദേഹത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടി വന്നിരുന്നു. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവർത്തിയാണ് ബോബിയുടേത് എന്ന് പറഞ്ഞ കോടതി ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞതോടെ ബോബി മാപ്പ് പറഞ്ഞ് തടിയൂരി.

ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതിലും അതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിലും പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വന്ന ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു രാഹുൽ ഈശ്വർ. കോടതി വിധി വളരെ മികച്ചതാണ് എന്നാണ് രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. കോടതിയുടേത് സമീപ കാലത്ത് വന്ന ഏറ്റവും മികച്ച വിധികളിൽ ഒന്നാണ് ഇതെന്ന് രാഹുൽ പറയുന്നു. കോടതി വിധി വളരെ സന്തുലിതം ആണെന്നും ബോബി ചെമ്മണ്ണൂരിനും ഹണി റോസിനും ഇതൊരു പുതിയ തുടക്കം ആവട്ടേയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ബോബി ചെമ്മണ്ണൂരിന്റെയും ഹണി റോസിന്റെയും ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാവട്ടെ. സമീപ കാലത്ത് വന്ന ഏറ്റവും മികച്ചൊരു കോടതി വിധിയാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്. ജസ്‌റ്റിസ് കുഞ്ഞികൃഷ്‌ണൻ സാറിന്റെ ഇടപെടൽ പ്രശംസനീയമാണ്. എങ്കിലും വിധി വളരെയധികം ബാലൻസ്‌ഡ് ആണെന്ന് എനിക്ക് തോനുന്നു.
ബോചെയ്ക്ക് ജാമ്യം കൊടുത്തു. അപ്പോഴും അതി രൂക്ഷമായി അദ്ദേഹത്തെ വിമർശിച്ചു കൊണ്ടാണ് കോടതി പറഞ്ഞത്. നിങ്ങൾ പൊതു സമൂഹത്തിൽ ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് കോടതി ചോദിച്ചു. ബോചെയെ പോലെ വലിയൊരു ബിസിനസുകാരൻ അഞ്ചാറ് ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. അതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം കൊടുത്തത്.
ആ റിമാൻഡ് പ്രതികൾക്ക് ഒരു കോടി രൂപ നൽകാമെന്ന് അറിയിച്ചു. അവർക്ക് തന്റെ കൈയിൽ നിന്നും, താൻ സമാഹരിക്കുന്നതിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികളിൽ പലർക്കും പണം അടച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും. അവർക്ക് ഇത് ഗുണമാവും. ഇതൊരു നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ നന്മ തന്നെയാണ് അത്.
എങ്കിലും അദ്ദേഹം പുറത്തിറങ്ങാത്തതിൽ കോടതിക്ക് അപ്രീതി ഉണ്ടായി. ഈ അടുത്ത കാലത്തായി ഹൈക്കോടതി ഏറ്റവും രൂക്ഷമായ ഭാഷയിൽ ഒരാളെ വിമർശിച്ചത് ഈ കേസിലാണ്. എങ്കിലും ബോചെയുടെ മാപ്പ് സ്വീകരിച്ച കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയില്ല. ഹണി റോസിന്റെ ദ്വയാർത്ഥ പ്രയോഗമെന്ന ആരോപണം കോടതി അംഗീകരിക്കുകയും ചെയ്‌തു, അതുകൊണ്ടാണ് ഈ വിധി സന്തുലിതമാവുന്നത്.












Click it and Unblock the Notifications