സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് എങ്ങനെ മനസിലായി? സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സര്‍വേ നടത്താതെ എങ്ങനെയാണ് 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് അറിഞ്ഞതെന്ന് കോടതി ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതിയില്‍ ഹര്‍ജി.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ നാല് പേരാണ് ഹര്‍ജി നല്‍കിയത്. സര്‍വേ നടപടികള്‍ക്കായും കെ റെയില്‍ ഓഫീസുകള്‍ തുറക്കുന്നതിനുമായി പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ റെയില്‍വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. റെയില്‍വേ പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിനോ റെയില്‍വേയ്‌ക്കോ ആണെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ 11 ജില്ലകളില്‍ ഓഫീസ് തുറക്കുന്നതിനും ഭൂമി സര്‍വേ നടപടികള്‍ക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്ര അനുമതിയില്ലാതെയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ ഇവയ്ക്ക് നിയമസാധുത ഇല്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവരാണ് ഹര്‍ജിക്കാര്‍.
ശരിയായ സര്‍വേ നടത്താതെ എങ്ങനെയാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ ലഭിച്ചതെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈനിനെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയിലെ ഹര്‍ജി. അതേസമയം ബി ജെ പിയും സില്‍വര്‍ ലൈനിനെതിരെ സമരത്തിലേക്ക് കടക്കുകയാണ്. ഈ മാസം 25 മുതല്‍ 30 വരെ സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ജില്ലകളിലൂടെ ജില്ലാ അധ്യക്ഷന്‍മാര്‍ നയിക്കുന്ന പദയാത്രയാണ് ബി ജെ പി സംഘടിപ്പിക്കുന്നത്.
യു ഡി എഫ് സില്‍വര്‍ ലൈനിനെതിരെ ശക്തമായ സമരത്തിലാണ്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചിരുന്നു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ സര്‍ക്കാര്‍.
ബോധവല്‍ക്കരണം നടത്തി ജനങ്ങളെ പദ്ധതിയ്ക്ക് അനുകൂലമാക്കിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി കൊച്ചിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications