വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് സൂചിപ്പിച്ച് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് താന്‍ പൂര്‍മണായും പിന്‍മാറിയിട്ടില്ലെന്നും വിഎസ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിഎസ് ഉന്നയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിഎസിന്റെ പ്രതികരണം.
താഴെ വീഴും വരെ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തനിക്കും പാര്‍ട്ടിക്കും ഉണ്ടായ വീഴ്ചകള്‍ പ്രകാശ് കാരാട്ട് സ്വയം വിലയിരുത്തണം. പിണറായി വിജയന്റെ കുറവുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന സമിതി ഇക്കാര്യം പരിശോധിക്കണം എന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പരാമര്‍ശങ്ങള്‍. ഈ അഭിമുഖത്തില്‍ തന്നെയാണ് ആലപ്പുഴയിലെ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വിഎസ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും താന്‍ മത്സര രംഗത്തുണ്ടാകും എന്ന സൂചന വിഎസ് നല്‍കുമ്പോള്‍ അത് പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തേണ്ടി വരും. കാരണം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നിറങ്ങുന്ന പിണറായി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. അപ്പോള്‍ വിഎസ് കൂടി തിരഞ്ഞെടുപ്പ് രംഗത്ത് നിന്നാല്‍ അത് പിണറായിയെ തന്നെ ആയിരിക്കും ബാധിക്കുക.
ഒരേ സമയം ദേശീയ ജനറല്‍ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും വിമര്‍ശിക്കുന്ന നിലപാടാണ് വിഎസ് എടുത്തിട്ടുള്ളത്. പാര്‍ട്ടി സമ്മേളന കാലത്ത് വിഎസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications