ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ അലർജി; ശരീരം ചൊറിഞ്ഞുപൊന്തി; തൊടുപുഴയിൽ യുവതി മരിച്ചു
തൊടുപുഴ: ചെമ്മീൻ കഴിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് സ്വദേശി നിഖിത ( 20) ആണ് മരിച്ചത്. ഏപ്രിൽ 6 ന് ആണ് ചെമ്മീൻ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിറ്റേന്ന് ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് നിഖിതയെ മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെ നിഖിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകളാണ് നിഖിത.

ഞായറാഴ്ച ഉച്ചഭക്ഷണത്തോടൊപ്പം കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണം എന്ന് തൊടുപുഴ പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ മരണ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു. അലർജി വഷളായതിനെ തുടർന്ന് നിഖിതയ്ക്ക് ന്യുമോണിയ പിടിപെട്ടിരുന്നു.
നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് ഇതിന് മുൻപും ഇത്തരത്തിൽ അലർജി ഉണ്ടായതായാണ് വിവരം. ഉച്ച ഭക്ഷണത്തിന് ഒപ്പം കൊഞ്ച് കഴിച്ച നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീര് വെച്ച് ശ്വാസതടസം ഉണ്ടായി, രക്ത സമ്മർദ്ദം താണു. ഇതോടെ നിഖിതയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിയ നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11. 15 ഓടെ മരണം സംഭവിച്ചു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ഇടുക്കി മെഡജിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ചൊവ്വ പകൽ 11 മണിക്ക് ഐവർമഠം ശ്മശാനത്തിൽ. സഹോദരൻ: ജിഷ്‍ണു (കോയമ്പത്തൂർ ധനലക്ഷ്‍മി കോളേജ് വിദ്യാർഥി).












Click it and Unblock the Notifications