ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ ജയിലിലായേനെ: ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍ താന്‍ വിജിലന്‍സ് കേസില്‍ പ്രതിയാകുമായിരുന്നുവെന്ന് മുന്‍ ഇടത് സഹയാത്രികനും കോണ്‍ഗ്രസ് നേതാവുമായ ചെറിയാന്‍ ഫിലിപ്പ്. കള്ള ഖാദി ഉപയോഗിച്ചുള്ള റിബേറ്റ് വെട്ടിപ്പാണ് ഖാദി ബോര്‍ഡില്‍ നടക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു തമിഴ്നാട്ടിലെ മില്ലുകളില്‍ നിര്‍മിക്കുന്ന തുണിയാണ് ഇപ്പോള്‍ ഖദര്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സെയെ പൂജിക്കുകയും ചെയ്യുന്നവരാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. സര്‍വോദയ വിചാര്‍ മണ്ഡല്‍ സംഘടിപ്പിച്ച 'തകര്‍ക്കപ്പെടുന്ന ഗാന്ധി' എന്ന ചര്‍ച്ചയിലെ മുഖ്യപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. അടുത്തിടെയാണ് സി പി ഐ എം ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. പുതുതായി ആരംഭിക്കുന്ന കെ പി സി സി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ് നിലവില്‍ ചെറിയാന്‍ ഫിലിപ്പ്.

എ കെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ പി സി സി സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കെ എസ് യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും ചെറിയാന്‍ ഫിലിപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പിന്നീട് തെറ്റിയ ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷത്തോളം സി പി ഐ എം സഹയാത്രികനായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് 20 വര്‍ഷത്തെ സി പി ഐ എം ബന്ധം ഉപേക്ഷിച്ച് തിരികെ കോണ്‍ഗ്രസിലെത്തിയത്.
കോണ്‍ഗ്രസില്‍ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി ഐ എം സഹയാത്രികനായിരുന്നപ്പോള്‍ ന്യായീകരണ തൊഴിലാളിയായി മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ടിന്റെ തുടര്‍ രചന നടത്താത്തത് സി പി ഐ എമ്മിന് എതിരാകുമെന്ന് തോന്നിയതിനാല്‍ ആണെന്നും ചെറിയാന്‍ ഫിലിപ്പ് തിരിച്ചെത്തിയപ്പോള്‍ പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റിലേക്ക് സി പി ഐ എം പരിഗണിക്കാതിരുന്നതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടത് പാളയം വിട്ടത്.
ഇതിന് പിന്നാലെ അതൃപ്തി ഒഴിവാക്കാന്‍ സി പി ഐ എം ഖാദി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം നല്‍കിയെങ്കിലും അദ്ദേഹം ഏറ്റെടുത്തില്ല. ഇതിന് പിന്നാലെ അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.












Click it and Unblock the Notifications