'സംഘപരിവാറും സിപിഎമ്മും തമ്മിൽ അവിഹിതബന്ധം, ജനങ്ങളെ കബളിപ്പിക്കുന്നു..'; വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാസപ്പടി വിവാദം ഒത്തുതീർപ്പാകുമോ എന്ന സംശയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏജൻസികൾ ഒത്തുതീർക്കുമോ എന്ന് ഭയമുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ അജണ്ട ഉണ്ടാക്കുകയാണ്. സംഘപരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മിൽ അവിഹിത ബന്ധമാണെന്നും സതീശൻ ആരോപിച്ചു. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിബിഐ, ഇഡി അന്വേഷണമാണ് വേണ്ടത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കോർപ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ് ഇത്. സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വൻ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയിൽ അന്വേഷണം കൊണ്ടുപോയാൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
എക്‌സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്കിന്റെ വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയിട്ടില്ലെന്നും സതീശൻ പറയുന്നു. ജ്യോതി ബസുവിന്റെ പേരിലുള്ള പരിപാടി വേണ്ടെന്ന് വെച്ചാണ് പിണറായി വിജയൻ മോദിയെ സ്വീകരിക്കാൻ പോയത്. കൈ ചേർത്ത് പിടിച്ചുള്ള നിൽപ്പ് കണ്ടില്ലേയെന്ന് പറഞ്ഞ സതീശൻ നിങ്ങൾ തന്നെ വ്യാഖ്യാനിക്കെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തൃശൂരിലും തിരുവനന്തപുരത്തും യുഡിഎഫ് തന്നെ വിജയിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. തൃശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് തിരിച്ചടിയായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക കണ്ടെത്തൽ ഇന്ന് പുറത്തുവന്നിരുന്നു. രേഖകളിൽ കൃത്രിമം കാണിച്ചതായാണ് ആർഒസി കണ്ടെത്തൽ. എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്ന് ആർഒസി വ്യക്തമാക്കുന്നു. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications