രാഘവൻ 57 വർഷത്തിനിടെ എടുത്തത് അരക്കോടിയോളം രൂപയുടെ ലോട്ടറി; അടിച്ച സമ്മാനങ്ങൾ ദാ ഇതാണ്
കാസർഗോഡ്: വല്ലപ്പോഴും ലോട്ടറിയെടുക്കുന്ന ആളാണ് താൻ എന്നായിരുന്നു ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ച ശ്രീവരാഹം സ്വദേശി അനൂപ് പറഞ്ഞത്. അനൂപ് മാത്രമല്ല ലോട്ടറിയിൽ വമ്പൻ സമ്മാനങ്ങൾ അടിച്ച പലരും വളരെ ചുരുക്കം ലോട്ടറി എടുത്തവരാണ്. നിരന്തരം ലോട്ടറിയെടുത്ത് ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാൽ കാസർഗോഡ് വെള്ളച്ചാലിലെ പി പി രാഘവന്റെ കഥ മറ്റൊന്നാണ്. 75 വയസായി അദ്ദേഹത്തിന്, 57 വർഷമായി അദ്ദേഹം ലോട്ടറിയെടുക്കുന്നു. എന്നാൽ ഭാഗ്യദേവത രാഘവനെ കടാക്ഷിച്ചോ? വായിക്കാം

ഏജന്റുമാർക്ക് വളരെ പ്രിയപ്പെട്ട കസ്റ്റമാറാണ് രാഘവൻ. തന്റെ പതിനെട്ടാം വയസ് തൊട്ട് രാഘവൻ ലോട്ടറി എടുത്ത് തുടങ്ങിയിട്ടുണ്ട്. അതായത് 1968 ൽ കേരള ലോട്ടറി തുടങ്ങിയ അന്ന് മുതൽ പരിപാടി തുടങ്ങിയെന്ന് സാരം. എടുത്ത ടിക്കറ്റുകളൊന്നും കളഞ്ഞിട്ടല്ല. ഇവയെല്ലാം ഏറെ കുറെ ചാക്കുകളിലാക്കി വീടുകളിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട് . കൃത്യമായ കണക്കില്ലെങ്കിലും രാഘവൻ ഇതുവരെ എടുത്ത ലോട്ടറിയുടെ തുക അരക്കോടിയോളമെങ്കിലും വരും. 500 മുതൽ 3000 രൂപയ്ക്ക് വരെ ടിക്കറ്റ് എടുത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടത്രേ രാഘവന്റെ ജീവിത്തതിൽ.

രാഘവന്റെ ലോട്ടറി എടുപ്പിനെ കടുത്ത ഭാഷയിൽ തന്നെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ചെവി കൊടുത്തിട്ടില്ലെന്ന് മാത്രമല്ല വീണ്ടും വീണ്ടും ടിക്കറ്റുകൾ വാങ്ങിക്കൊണ്ടേയിരുന്നു. ചെറിയ സമ്മാനങ്ങൾ ഇടയ്ക്കിടക്ക് കിട്ടാറുണ്ടെന്നതിനാൽ എന്തിന് ലോട്ടറി എടുക്കൽ മുടക്കണമെന്നതാണ് രാഘവന്റെ ലൈൻ.

ആദ്യം ഭാഗ്യം പരീക്ഷിച്ചത് 1 രൂപയ്ക്ക് വിറ്റുവരുന്ന ഭൂട്ടാൻ ലോട്ടറിയിലായിരുന്നു. അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കുന്നതുവരെ അവയുൾപ്പെടെ ടിക്കറ്റുകൾ മാറി മാറി പരീക്ഷിച്ചു. പക്ഷേ ഗുണമുണ്ടായിരുന്നു. ചെറിയ തുകകൾ ലങിച്ചിരുന്നു. മൂന്നക്കത്തിന് നാലായിരം രൂപ കിട്ടുന്ന ഭൂട്ടാൻ ലോട്ടറി പലതവണ അടിച്ചിട്ടുണ്ടെന്നും രാഘവൻ. 50,000 രൂപയാണ് ലോട്ടറിയിൽ നിന്നും കിട്ടിയ ഏറ്റവും ഉയർന്ന സമ്മാന തുക.

കൃഷിക്കാരനാണ് രാഘവൻ. അതിൽ നിന്നും കിട്ടുന്ന ആദായത്തിലാണ് ലോട്ടറി വാങ്ങാറുള്ളത്. ഒരു ഏക്കർ വീതം തെങ്ങിൻപറമ്പും നെൽപ്പാടവുമുണ്ട്. പലതരം പച്ചക്കറികളും വാഴയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. 1994 ൽ മികച്ച നാളികേര കർഷകനുള്ള അവാർഡും രാഘവനെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോൾ ലോട്ടറി എടുക്കലുണ്ടോയെന്ന് ചോദിച്ചാൽ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് രാഘവൻ പറയുന്നു. നട്ടെല്ലിനേറ്റ ക്ഷതവും ജീവിതശൈലീ രോഗങ്ങളും അലട്ടുന്നുണ്ട്. അതുകൊണ്ടാണ് മത്സരിച്ചുള്ള ലോട്ടറി എടുപ്പ് കുറഞ്ഞത്. പക്ഷേ എന്തൊക്കെ പറഞ്ഞാലും ലോട്ടറി എടുപ്പ് അവസാനിപ്പിക്കില്ലെന്നതാണ് രാഘവന്റെ പക്ഷം.












Click it and Unblock the Notifications