സിപിഎം പഞ്ചായത്തംഗം റോഡില്‍ മാലിന്യം തള്ളിയ സംഭവം; 1000 പിഴ ഈടാക്കിയെന്ന് മന്ത്രി
തിരുവനന്തപുരം: മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളനെന്നും സംഭവത്തിൽ പഞ്ചായത്തംഗമായ സുധാകരനിൽ നിന്നും ആയിരം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-'പഞ്ചായത്ത് മെമ്പർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളിൽ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനാണ് സ്കൂട്ടറിൽ പോകുമ്പോൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം', ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
സി പി എം അംഗം പി എസ് സുധാകരനാണ് പൊതുസ്ഥലത്ത് മാലിന്യമിട്ടത്. സ്കൂട്ടറിൽ പോകുന്നതിനിടയിൽ അദ്ദേഹം വഴിയരികിലേക്ക് മാലിന്യം തള്ളുന്ന സി സി ടി വി വീഡിയോയും വൈറലാവുകയായിരുന്നു. ഇതോടെ, ആവോലി പഞ്ചായത്ത് അധികൃതർ സുധാകരനിൽ നിന്നും 1000 രൂപ പിഴയും ഈടാക്കാൻ തീരുമാനിച്ചു. സാധാരണ ഇത്തരത്തിൽ ലിന്യം തള്ളിയാൽ 10,000 രൂപ പിഴ ഈടാക്കാറുള്ളത്. പഞ്ചായത്ത് അംഗത്തിൽ നിന്ന് തന്നെ ഇത്തരത്തിൽ ഗുരതരമായ നടപടി ഉണ്ടായ സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ പിഴ തുക ഈടാക്കിയതെന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്.
അതേസമയം വിഷയം അനാവശ്യമായി വിവാദമാക്കുകയാണെന്നാണ് സുധാകരൻ ആരോപിക്കുന്നത്. തന്റെ ലോട്ടറി കടയിൽ ഉണ്ടായിരുന്ന നറുക്കെടുപ്പു കഴിഞ്ഞ ലോട്ടറി ടിക്കറ്റുകളാണ് കവറിൽ ഉണ്ടായിരുന്നതെന്നും ഇതു കളയാനായി വീട്ടിൽ കൊണ്ടുപോകുന്ന വഴിക്ക് താഴെ വീണതാണെന്നുമാണ് അദ്ദേഹം നൽകുന്ന വിശദീകരണം.












Click it and Unblock the Notifications