സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9ന് പതാക ഉയർത്തും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്‌കൂൾ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, അശ്വാരൂഡ പൊലീസ്, എൻ.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തുടങ്ങിയവർ അണിനിരക്കുന്ന പരേഡ് നടക്കും. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും.
സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രമിറക്കി.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. ചടങ്ങുകൾ രാവിലെ 9നോ അതിനുശേഷമോ നടക്കും. സബ് ഡിവിഷൻ, ബ്ളോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ 9നോ അതിനു ശേഷമോ ആണ് പതാക ഉയത്തുന്നത്. ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയർത്തും.
ദേശീയ പതാക ഉയർത്തുമ്പോൾ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. പ്ളാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണം.
ദേശീയ പതാക: ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം
സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിർദേശം നൽകി. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു 2002ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട്- 2ൽ 2022 ജൂലൈ 20നു ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷൻ -9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ലാഗ് കോഡിൽ പറയുന്നു.












Click it and Unblock the Notifications