കാസിം ഇരിക്കൂറിനെതിരെ പടയൊരുക്കം; സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം, മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്നു
കോഴിക്കോട്: ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരു വിഭാഗം അതി രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ ആണ് സാമ്പത്തിക ആരോപണം.
കാസിം ഇരിക്കൂറിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണം എന്നാണ് ഐഎന്‍എല്‍ മുന്‍ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെടുന്നത്. കെപി ഇസ്മയില്‍, എംകോം നജീബ്, ജലീല്‍ പുനലൂര്‍ എന്നിവരാണ് കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. വിശദാംശങ്ങള്‍...

പത്രപ്രവര്‍ത്തകന്‍
ഒരു ദിനപത്രത്തില്‍ നിന്ന് പത്രപ്രവര്‍ത്തകനായി വിരമിച്ച കാസിം ഇരിക്കൂര്‍ ഐഎന്‍എലിന് ലഭിച്ച മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുകയാണ് എന്നാണ് ആക്ഷേപം. ഇത് എല്‍ഡിഎഫ് ഗൗരവത്തോടെ കാണണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കാസിം ഇരിക്കൂറിന്റേത് അടക്കമുള്ള സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണം എന്നും ആവശ്യം ഉന്നയിക്കുന്നു.

അദാനിയുമായി
കാസിം ഇരിക്കൂറിനെതിരെ നേരത്തേ തന്നെ ആരോപണം ഉയര്‍ന്ന വിഷയം ആയിരുന്നു അദാനി ഗ്രൂപ്പുമായുള്ള യോഗം. അദാനിയുടെ റീജിയണല്‍ ഓഫീസില്‍ കാസിം ഇരിക്കൂര്‍ സന്ദര്‍ശം നടത്തി എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന മറ്റൊരു ആക്ഷേപം.

ജോലി വാഗ്ദാനം
ഇതിനകം തന്നെ ഇരുനൂറില്‍ അധികം ആളുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നൊരു ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു. ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും കച്ചവടവത്കരിച്ചിരിക്കുകയാണ് എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

എന്താണ് സ്രോതസ്സ്
കാസിം ഇരിക്കൂര്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാനത്തിലാണ് എല്ലാ ആഴ്ചയും യാത്ര ചെയ്യുന്നത് എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന മറ്റൊരു ആക്ഷേപം. കൂടാതെ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ താമസിക്കുകയും ചെയ്യുന്നു. ഇതിനുള്ള പണത്തിന്റെ സ്രോതസ്സ് എന്താണെന്നാണ് ഇവര്‍ക്ക് അറിയേണ്ടത്.

സൂപ്പര്‍ മന്ത്രി
കാസിം ഇരിക്കൂര്‍ മന്ത്രിയെ നോക്കുകുത്തിയാക്കി സൂപ്പര്‍ മന്ത്രി ചമയുകയാണ് എന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. തുറമുഖവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താനുള്ള പദ്ധതിയുണ്ട് എന്നും ആരോപിക്കുന്നുണ്ട്.

ഗുരുതരമായ ആക്ഷേപങ്ങള്‍
കാസിം ഇരിക്കൂറിനെ ലക്ഷ്യം വച്ചാണ് ആക്ഷേപങ്ങള്‍ എല്ലാം. അഹമ്മദ് ദേവര്‍കോവിലുമായി ചേര്‍ന്ന് പാര്‍ട്ടിയെ കാസിം ഇരിക്കൂര്‍ നശിപ്പിക്കുകയാണെന്നും ഇതിനായി ദേശീയ പ്രസിഡന്റിനെ ഉപയോഗിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എന്തായാലും ഐഎന്‍എല്‍ വന്‍ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്.

പലവിധ പ്രശ്‌നങ്ങള്‍
പഴയ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ കഴിഞ്ഞ കുറച്ചുകാലമായി കടുത്ത എതിര്‍പ്പിലാണുള്ളത്. കഴിഞ്ഞ ദിവസം കോഴ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതും പഴയ എന്‍എസ് സി നേതാവാണ്. ഇതിനിടയിലാണ് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍.

മുഖ്യമന്ത്രി വിളിപ്പിച്ചു
ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റിനേയും സംസ്ഥാന ജനറല്‍ സെക്രട്ടറിയേയും മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രശ്‌നം വഷളായാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.












Click it and Unblock the Notifications