ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധിക്കാരം ജനാധിപത്യത്തോടുള്ള പരസ്യമായ വെല്ലുവിളി: ഐഎന്‍എല്‍
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധിക്കാരം ജനാധിപത്യത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഐ എന്‍ എല്‍. മുഖ്യമന്ത്രിയടക്കമുള്ള മലയാളി സമൂഹത്തെ തെരുവിലിറങ്ങി അത്യന്തം മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിക്കുകയും വിദ്യാർഥികളെ തെമ്മാടിക്കൂട്ടമെന്ന് തെറി വിളിക്കുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം രാഷ്ട്രീയ പ്രബുദ്ധരായ കേരളീയരോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ആത്മാഭിമാന ബോധമുള്ള ജനം യഥാവിധി പ്രതികരിക്കേണ്ടതുണ്ടെന്നും ഐ എൻ എൽ സംസ് ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറൽ ക്രമത്തിന്റെ കടക്ക് കത്തിവെച്ചാണ് ഗവർണർ പദവിയിലിരിക്കുന്ന ഒരാൾ ഇമ്മട്ടിൽ അമാന്യമായും സംസ് കാരശൂന്യമായും നടുറോഡിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടതും സി ആർ പി എഫിന്റെ സുരക്ഷയിൽ മറ്റേത് ആർ എസ് എസുകാരനെയും പോലെ സ്വയം രക്ഷാകവചം തീർക്കാൻ അദ്ദേഹം ശ്രമിക്കുന്നതും.

ഇതു കണ്ട് പേടിക്കുന്നവരല്ല സംസ്ഥാനം ഭരിക്കുന്നവരും ഇവിടുത്തെ ജനങ്ങളും. ആരിഫ് ഖാന് ഇനിയും ഇത് മനസ്സിലായിട്ടില്ലെങ്കിൽ ജനം അത് മനസ്സിലാക്കിക്കൊടുക്കുന്ന കാലം വിദൂരമല്ല. പാർലമെൻററി ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദ പോലും കാണിക്കാത്ത ആരിഫ് ഖാന്റെ മാടമ്പിത്തരത്തിനു മുന്നിൽ മൗനം ദീക്ഷിക്കുന്ന പ്രതിപക്ഷത്തിന്റെ ദുഷ് ടലാക്കും കുനിഷ് ട് ബുദ്ധിയും ജനം തിരിച്ചറിയുന്നുണ്ട്.
നമ്മുടെ സംസ് ഥാനത്തിന്റെ അന്തസ്സും പ്രതിച്ഛായയും തകർക്കാൻ ഒരുമ്പെട്ടിറിങ്ങിയ ഈ മനുഷ്യനെ തള്ളിപ്പറയാൻ തയാറാവാത്ത പ്രതിപക്ഷത്തോടുള്ള രോഷം അവസരം വരുമ്പോൾ ജനം ഉചിതമായ രീതിയിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്ന് കാസിം ഇരിക്കൂർ പ്രസ് താവനയിൽ പറഞ്ഞു.
അതേസമയം, തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. പ്രതിഷേധക്കാർ തന്റെ വണ്ടിയിൽ അടിച്ചു എന്ന് ഗവർണർ പറഞ്ഞത് കളവാണെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി.
എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുന്നു എന്നു പറഞ്ഞാണ് ഗവർണർ കഴിഞ്ഞ ദിവസം അത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ അക്രമിക്കുന്നു എന്ന നില വരുത്തി അതിന്റെ പുറത്ത് കേന്ദ്രത്തെക്കൊണ്ട് നിലപാട് എടുപ്പിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ കെട്ടുന്ന വിഡ്ഢിവേഷങ്ങളൊന്നും കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications