ബാറില്‍ വീണ്ടും വീഴ്ച; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ ഇല്ല
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് സ്‌റ്റേ വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള പുറപ്പെടുവിപ്പിച്ച വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സ്‌റ്റേ ആവശ്യം തള്ളിയെങ്കിലും അപ്പീല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
പത്ത് ബാറുകള്‍ക്ക്കൂടി ലൈസന്‍സ് നല്‍കണമെന്ന വിധിയാണ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്. 2011 ഡിസംബര്‍ 9ലെ ചട്ടഭേദഗതിക്ക് മുന്‍പ് ലൈസന്‍സ് ഉണ്ടായിരുന്നെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തത് വിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യഘട്ടത്തില്‍ പൂട്ടിയ 418 ബാറുകളില്‍ മൂന്നു ബാറുകള്‍ക്കും ഇത്തരത്തില്‍ ലൈസന്‍സിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചിരുന്നു. എറണാകുളം രവിപുരം മേഴ്‌സി എസ്‌റ്റേറ്റ്, കടവന്ത്ര ഓര്‍ക്കിഡ്, തൃശ്ശൂര്‍ കൊടകര ഗോള്‍ഡന്‍ ബാര്‍ എന്നിവയ്ക്കാണ് കോടതിവിധിയിലൂടെ പ്രവര്‍ത്തനാനുമതി ലഭിച്ചത്.
സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന് ഹൈക്കോടതിയില്‍ അടിതെറ്റുന്നത് തുടര്‍ക്കഥയായതോടെ സംസ്ഥാന സര്‍ക്കാരും ബാര്‍ ഉടമകളും നടത്തുന്ന ഒത്തുകളിയാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേസ് മന:പൂര്‍വം തോറ്റുകൊടുക്കുന്നതാണെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരമാണ് സര്‍ക്കാര്‍ കേസ് തോല്‍ക്കുന്നതെന്നുമാണ് ആരോപണം.












Click it and Unblock the Notifications