ജഗദീഷ് ഇടഞ്ഞു,ഒപ്പം നിന്ന് യുവതാരങ്ങൾ; എതിർപ്പ് അറിയിച്ച് വനിതാ താരങ്ങളും അമ്മ യോഗത്തിൽ സംഭവിച്ചത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർവിവാദങ്ങളും ഒടുവിൽ താരസംഘടനയായ അമ്മയിലെ ഭരണസമിതിയുടെ രാജിയിലേക്ക് നയിച്ചിരിക്കുകയാണ്. വിവാദങ്ങളെ ചൊല്ലി അമ്മയിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് മോഹൻലാൽ ഉൾപ്പെടെയുള്ള 17 പേർ രാജിവെച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കാൻ ജനറൽ സെക്രട്ടറി സിദ്ധിഖിൻറെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു സംഘടനയിൽ ആദ്യ വെടി പൊട്ടിയത്. വാർത്താസമ്മേളനത്തിൽ സിദ്ധിഖ് നടത്തിയ പരാമർശങ്ങൾക്കെതിരെ വൈസ് പ്രസിഡന്റായ ജഗദീഷ് തുറന്നടിച്ച് രംഗത്തെത്തി. റിപ്പോർട്ടിലെ കാര്യങ്ങൾ ഒറ്റപ്പെട്ടതെന്ന് പറഞ്ഞ സിദ്ധിഖിന്റെ വാക്കുകളെ തള്ളിയ ജഗദീഷ് ഇപ്പോൾ ഉയർന്നുവരുന്നത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും കൃത്യമായ അന്വേഷണം നടത്തി ശക്തമായ നടപടികൾ ഉണ്ടാകണമെന്നും വാദിച്ചു.

ഇതിന് പിന്നാലെയാണ് സിദ്ധിഖിനെതിരെ ആരോപണം വന്നത്. അതോടെ സിദ്ധിഖ് രാജിവെച്ചു. അദ്ദേഹത്തിന് പകരക്കാരനായി ജോയിന്റെ സെക്രട്ടറിയായ ബാബുരാജിനെ പരിഗണിക്കാനുള്ള ചർച്ചയ്ക്കിടെ ബാബു രാജിനെതിരേയും ആരോപണം ഉയർന്നു. ഇത് സംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി. നിരവധി എതിർശബ്ദങ്ങൾ സംഘടനയിൽ ഉയരാൻ തുടങ്ങി.
ഇതിനിടയിൽ പൃഥ്വിരാജ് ശക്തമായ നിലപാടുമായി മുന്നോട്ടെത്തി. വിഷയത്തിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി അദ്ദേഹം തുറന്നടിച്ചു. ഇതോടെ അമ്മയിൽ അഭിപ്രായ ഭിന്നതയുള്ള കൂടുതൽ പേർ പുറത്തുവരാൻ തുടങ്ങി. ആരോപണവിധേയനായ ബാബുരാജ് മാറി നിൽക്കണമെന്ന് നടി ശ്വേത മേനോൻ ഇന്ന് പരസ്യ തന്നെ ആവശ്യപ്പെട്ടതോടെ കുറ്റാരോപിതരെ മാറ്റി നിർത്തണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടി.
ഇത്തരത്തിൽ ഭിന്നത രൂക്ഷമായതോടെയാണ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടനയുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്നത്. യോഗത്തിൽ കടുത്ത വിയോജിപ്പാണ് അംഗങ്ങളിൽ പലരും ഉയർത്തിയത്. ജഗദീഷ് തന്നെയായിരുന്നു നേതൃത്വത്തിനെതിരെ ആദ്യം രൂക്ഷ വിമർശനം ഉന്നയിച്ചത്. അംഗങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സിദ്ദിഖ് വാർത്താസമ്മേളനം നടത്തിയതെന്ന് ജഗദീഷിന്റെ നേതൃത്വത്തിലുള്ളവർ തുറന്നടിച്ചു. വിഷയത്തിൽ മുതിർന്ന താരങ്ങൾ ജഗദീഷിനെ പിന്തുണയ്ക്കാൻ മടിച്ചപ്പോൾ ഒരു വിഭാഗം യുവതാരങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു.
ആരോപണം ഉയർന്നിട്ടും ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകാതിരുന്ന ബാബുരാജിന്റെ നിലപാടിനെതിരേയും വിമർശനം ഉയർന്നു. പുതിയ ഭരണസമിതിക്ക് കീഴിൽ തുടരാൻ താത്പര്യം ഇല്ലെന്ന നിലപാട് ചില വനിത അംഗങ്ങൾ പങ്കുവെച്ചതോടെ ഒടുവിൽ രാജി എന്ന അനിവാര്യതയിലേക്ക് ഭരണസമിതി എത്തിച്ചേരുകയായിരുന്നു.












Click it and Unblock the Notifications