കേരളത്തിൽ ഒമിക്രോൺ വകഭേദം ജെഎൻ 1 പടരുന്നു; ആശങ്കപെടേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നത് ഇതാണ്
തിരുവനന്തപുരം: ആശങ്കയേറ്റി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1. ഡിസംബർ 8 നാണ് സംസ്ഥാനത്ത് ഈ വകഭേദം സ്ഥിരീകരിച്ചത്. കരകുളത്തുള്ള 79 കാരിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലായിരുന്നു വകഭേദം കണ്ടെത്തിയത്. പനി ബാധിച്ചായിരുന്നു ഇവർ ചികിത്സ തേടിയത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ജെഎൻ 1വകഭേദം. ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. നേരത്തേ അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു.

ഒക്ടോബർ 25 ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജെഎൻ 1 സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗം വലിയ തോതിൽ വ്യാപിച്ചിരുന്നില്ല. അതേസമയം പുതിയ വകഭേദം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജെഎൻ 1 കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിൽ കേരളവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശങ്കപ്പെടേണ്ടതുണ്ടോ?
JN.1 സബ് വേരിയന്റ് ആദ്യമായി ലക്സംബർഗിൽ ആയിരുന്നു കണ്ടെത്തിയത്. പിന്നീട് അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു.ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല ഒരു പങ്കും JN.1 വകഭേദമെന്നാണ് കണക്ക്. മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ.
വിദഗ്ധർ പറയുന്നത്
പുതിയ വകഭേദം വലിയ വ്യാപനത്തിന് വഴിവെച്ചിട്ടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കിടത്തിചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടില്ല. 'ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കേസുകൾ കൂടുകയാണ്. കേരളത്തിലും കൊവിഡ് കേസുകൾ കൂടുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും രോഗവ്യാപനം ഇതുവരെ തീവ്രമല്ല', നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു.
വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പല പാശ്ചാത്യ രാജ്യങ്ങളിലും JN.1 അതിവേഗം വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം കൊവിഡ് വാക്സിനുകൾ വൈറസിനെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications