മദ്യനയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടില്‍
തിരുവനന്തപുരം: മദ്യനയത്തില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാരും പാര്‍ട്ടിയും സഹകരിച്ച് മുന്നോട്ടു പോകാന്‍ ധാരണയായി. ചൊവ്വാഴ്ച ചേര്‍ന്ന കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതിയിലാണ് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍, യോഗത്തില്‍ വി.എം സുധീരനും മുഖ്യമന്ത്രിക്കും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
മദ്യനയത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി നടപ്പാക്കി കഴിഞ്ഞതിനാല്‍ ഇനി ഒരു ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാല്‍ സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ശക്തമായി എതിര്‍ത്തു. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന അഭിപ്രായമാണ് സുധീരന്. താന്‍ നടത്തിയ ജനപക്ഷയാത്ര അവസാനിപ്പിച്ച ഉടന്‍ മദ്യനയത്തില്‍ വരുത്തിയ മാറ്റം തന്നെ അപമാനിക്കുന്നതിന് തുല്ല്യമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ഭാഗമായി മുഴുവന്‍ ബാറുകളും പൂട്ടാനുള്ള ആദ്യ തീരുമാനത്തില്‍ മാറ്റം വന്നത് ടൂറിസം,തൊഴില്‍ മേഖലകളിലെ പ്രശ്‌നമായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
എട്ടുമാസമായി മദ്യനയത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടും പാര്‍ട്ടിക്കോ യുഡിഎഫിനോ ഒരു ഗുണവും കിട്ടിയിട്ടില്ല എന്നതാണ് സത്യം. കോണ്‍ഗ്രസില്‍ ഭിന്നത മാത്രമാണ് ഇതുമൂലം ഉണ്ടായത്. കെ.മുരളീധരന്‍, വി.ഡി. സതീശന്‍, എം.എം. ഹസന്‍ എന്നിവര്‍ സുധീരനെ യോഗത്തില്‍ വിമര്‍ശിച്ചു. സുധീരന്‍ സിപിഎമ്മിനെതിരെ പ്രസ്താവന നടത്താന്‍ പേടിക്കുന്നു. സിപിഎമ്മിനെതിരെ പറയുന്നതിലുള്ള വിമുഖത കെപിസിസി പ്രസിഡന്റ് ഉപേക്ഷിക്കണമെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിനെക്കുറിച്ചും യോഗത്തില്‍ അഭിപ്രായം ഉണ്ടായി. ഇതുവരെ കൈക്കൊണ്ട നിലപാടില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചു നില്‍ക്കണമെന്നും പുതിയ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications