'കെണിയെ ഏണി വെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരൻ', പ്രതികരണവുമായി അരുൺ കുമാർ
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ കുമാര്‍. അടുത്തിടെ പുറത്തിറക്കിയ ശിവശങ്കറിന്റെ ആത്മകഥയിലെ ചില പരാമര്‍ശങ്ങളോട് അതിരൂക്ഷമായാണ് സ്വപ്‌ന സുരേഷ് പ്രതികരിച്ചത്. സ്വപ്‌ന തന്നെ ചതിച്ചതായി പുസ്തകത്തില്‍ എം ശിവശങ്കര്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു ഐ ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്ക് ഇല്ലെന്നാണ് സ്വപ്‌ന മറുപടി നല്‍കിയത്. കെണിയെ ഏണി വച്ചുപിടിക്കുകയായിരുന്നു ആത്മകഥാകാരൻ എന്ന് അരുൺ കുമാർ പറയുന്നു..
അരുൺ കുമാറിന്റെ പ്രതികരണം: '' ആത്മകഥയുടെ ആദ്യ ഭാഗത്ത് കയ്യടക്കത്തോടെ, അത്രമേൽ കരുതലോടെ തികച്ചും വ്യക്തിപരമായ ബന്ധത്തെ മുറിവേൽപ്പിക്കാതെ ശിവശങ്കർ എഴുതിയത് ഇങ്ങനെ: ''സ്വപ്നയെക്കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും വിശദമാക്കാതെ പറയാനാകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കിൽ അതിൻ്റെ ആദ്യാവകാശവും അവരുടേതാണ് ". ഈ ഉറപ്പ് ആദ്യം ലംഘിച്ചതും ആഴമേറിയ സ്വകാര്യതയിലെ പങ്കാളിയെന്ന നിലയിൽ ശിവശങ്കർ ഒരിക്കലും പറയാൻ പാടില്ലെന്ന് സ്വപ്ന കരുതിയ ഭാഗം ഇതായിരുന്നു.

"വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നത് പോലെ. ഇത്തരമൊരു ചതി സ്വപ്ന തന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല." കെണിയെ ഏണി വച്ചുപിടിക്കുകയായിരുന്നു ആത്മകഥാകാരൻ. സ്വകാര്യ ബന്ധത്തിലെ വിള്ളലിൽ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങൾ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുർവിനിയോഗം ( കോൺസുൽ ജനറൽ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ല. രണ്ടാമത്തെ ചതിപ്രയോഗം ഇല്ലായിരുന്നെങ്കിൽ സ്വപ്ന പ്രതികരിക്കുമായിരുന്നോ എന്നും സംശയമുണ്ട്.
ഒരു നിഗൂഢമായ കറക്കു കമ്പനിയിലെ (കോൺസുലർ ജനറൽ ,ഫൈസൽഫാരിദ്, സരിത് , സന്ദീപ്, സ്വപ്ന, ശിവശങ്കർ ) അംഗമല്ലാതിരുന്നെങ്കിൽ സ്വപ്ന സുരേഷിൻ്റെ പക്വതയും ധൈര്യവും, ഇൻ്റഗ്രിറ്റിയും, ജീവിതവും ഒരു മോട്ടിവേഷൻ കഥയായേനെ.
ആ ചോദ്യങ്ങൾ ഉത്തരമില്ലാതെ വെയിലത്തുണ്ട്. ആര് ആർക്ക് എങ്ങനെ എത്ര തവണ ? എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി. പക്ഷെ ആർക്ക് ,ആര്? അവർ എവിടെ ?












Click it and Unblock the Notifications