ഇക്കുറി സിപിഎമ്മിന്റെ കനലൊരു തരിയായി കെ രാധാകൃഷ്‌ണൻ; ആലപ്പുഴ പോയി പകരം ആലത്തൂർ വന്നു
ആലത്തൂർ: ചേലക്കാരുടെ സ്വന്തം രാധാകൃഷ്‌ണൻ ആലത്തൂരിന്റെ കൂടിയായ ദിവസമാണിത്. സൈബറിടങ്ങളിൽ സിപിഎമ്മിനെ എന്നും കളിയാക്കിയിരുന്ന 'കനലൊരു തരി' എന്ന പ്രയോഗത്തിന് അഞ്ച് വർഷത്തിന് ശേഷം ഒരിക്കൽ കൂടി കേരള രാഷ്ട്രീയത്തിൽ പ്രസക്തി കൈവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ആലപ്പുഴയാണ് സിപിഎമ്മിനെ തുണച്ച ഏക മണ്ഡലമെങ്കിൽ ഇക്കുറി അത് ആലത്തൂരായി എന്ന് മാത്രം.
ആലപ്പുഴയിൽ നിന്ന് ആലത്തൂരിലേക്ക് മാറിയ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ഉള്ളിൽ വലിയ അത്ഭുതങ്ങൾ കേരളത്തിൽ സംഭവിച്ചു കഴിഞ്ഞു. തൃശൂരിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. അങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള ഈ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ വിജയത്തേക്കാൾ ഉപരി മറ്റിടങ്ങളിലെ പരാജയമായിരിക്കും സിപിഎമ്മിനെ ചിന്തിപ്പിക്കുന്ന കാര്യം.

ആലത്തൂരിലേത് വ്യക്തിപ്രഭാവമോ, പാർട്ടി വോട്ടുകളോ?
ആലത്തൂരിൽ കെ രാധാകൃഷ്‌ണന്റെ വിജയം വന്നതിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ശരിക്കും സിപിഎം ഒരുക്കിയ വിജയമായിരുന്നോ ഇതെന്ന്. ഇതിന്റെ പ്രധാന മറുപടി ആലത്തൂർ ഒരിക്കലും ആലപ്പുഴ അല്ലെന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് സിപിഎം ആലപ്പുഴയിൽ വിജയിച്ചതെന്നത് യാഥാർഥ്യമാണ്.
എന്നാൽ ഇക്കുറി കെടാത്ത കനലായി മാറിയ ആലത്തൂരിലെ സ്ഥിതി വ്യത്യസ്‌തമായിരുന്നു. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന, മികച്ച ട്രാക്ക് റെക്കോർഡുള്ള മന്ത്രിയായിരുന്നിട്ട് കൂടി കെ രാധാകൃഷ്‌ണനെ ആലത്തൂരിൽ ഇറക്കിയത് അദ്ദേഹത്തിന്റെ സ്വീകാര്യതയും വ്യക്തിപ്രഭാവവും മുന്നിൽ കണ്ടുകൊണ്ടാണ്.
അതുകൊണ്ട് തന്നെ ആലത്തൂരിലെ വിജയത്തിൽ പാർട്ടിയുടെ സ്വാധീനത്തെക്കാൾ കൂടുതൽ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാന ഘടകമായത്. ആളുകൾക്ക് ഇടയിൽ ഇറങ്ങി പരിചയമുള്ള, സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരെയും കൈയിലെടുത്തിട്ടുള്ള കെ രാധാകൃഷ്‌ണന്റെ ജയം ഒരു കണക്കിന് സിപിഎമ്മിന് ആശ്വാസമാണ്.
രമ്യ ഹരിദാസിന്റെ പതനം
ആലത്തൂരിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരുപാട് വിവാദങ്ങളിൽ ചെന്ന് പെട്ടയാളാണ് രമ്യ ഹരിദാസ്. കോവിഡ് കാലത്തും അല്ലാത്തപ്പോഴും സിപിഎമ്മിന്റെ കണ്ണിലെ കരടായി രമ്യ മാറിയത് വളരെ വേഗത്തിലാണ്. എന്നാൽ ഇത്തവണ രമ്യ ഹരിദാസിന് കോൺഗ്രസിന്റെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം.
ആ കുറവുകളിൽ നിന്ന് കൊണ്ടാണ് രമ്യ ഹരിദാസ് കെ രാധാകൃഷ്‌ണനെ പോലെ കരുത്തനായ ഒരു സ്ഥാനാർത്ഥിക്ക് എതിരെ പോരാടിയത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എങ്കിലും ഇത്തവണത്തെ തോൽവിയിൽ രമ്യക്ക് പാർട്ടിയിൽ നിന്ന് ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടി വരും.
രാധാകൃഷ്‌ണന്റെ വിജയം ഉണ്ടാക്കുന്ന മാറ്റങ്ങൾ
കേരളത്തിൽ ഇതോടെ എൻഡിഎയും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് കൊണ്ട് വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. അത് ബിജെപിയുടെയും സിപിഎമ്മിന്റെയും കാര്യമാണെങ്കിലും പാർലമെന്റ് തലത്തിൽ കേരളത്തിൽ ഓരോ സീറ്റ് വീതം എന്ന നിലയിലായി. അതിനിടെ കെ രാധാകൃഷ്‌ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പും ഉറപ്പായി.












Click it and Unblock the Notifications