'കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല', കേന്ദ്രത്തിന് അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി സഭയിൽ
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ റെയില്‍ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമായ കാര്യമാണ്. നാടിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകരമാണ്. നാടിന്റെ വികസനം ഉറപ്പ് വരുത്തുന്ന ഒരു പദ്ധതിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കും എന്ന തരത്തിലുളള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷേ ചില പ്രത്യേക ഇടപെടലുകള്‍ വന്നത് കാരണം കേന്ദ്രം കുറച്ച് സംശയിച്ച് നില്‍ക്കുകയാണ്. ഏത് ഘട്ടത്തിലായാലും കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിന് അനുമതി തന്നേ തീരൂ. തരേണ്ടി വരും. ഇപ്പോള്‍ അനുമതി തരുന്നില്ലെങ്കില്‍ ഭാവിയില്‍ കേന്ദ്രത്തിന് തരേണ്ടി വരുമെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അനുമതി തരേണ്ടവര്‍ അത് തരാന്‍ തയ്യാറല്ലെന്ന നിലപാട് സ്വീകരിക്കുമ്പോള്‍, ഞങ്ങളിപ്പോള്‍ നടത്തുന്നു എന്ന് പറയാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കിവിടെ അതിവേഗ റെയില്‍ വേണം. കെ റെയില്‍ ആയാലും സില്‍വര്‍ റെയില്‍ ആയാലും ഏത് പേരിലായാലും പദ്ധതി വരുന്നതില്‍ സര്‍ക്കാരിന് തടസ്സമില്ല. തങ്ങളൊരു പേര് നിര്‍ദേശിച്ചു എന്ന് മാത്രമേ ഉളളൂ. അര്‍ധ അതിവേഗ റെയില്‍ ഇവിടെ ആവശ്യമാണ്, നാടിന് അത് വേണം.
അക്കാര്യത്തില്‍ കേന്ദ്രം ഇങ്ങോട്ട് ഒരു നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. സംസ്ഥാനം അങ്ങോട്ട് ആവശ്യപ്പെട്ടു. തങ്ങള്‍ ചെയ്യാന്‍ തയ്യാറാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കില്‍ അപ്പോഴല്ലേ സര്‍ക്കാര്‍ നിലപാട് പറയേണ്ടതുളളൂ. നമുക്ക് വേണ്ടത് അതിവേഗ ട്രെയിനാണ്. അതിന് പുതിയ ട്രാക്ക് ഉണ്ടായാല്‍ മാത്രമേ സാധിക്കൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭിക്കും എന്ന് പ്രതീക്ഷിച്ചാണ് മറ്റ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ സ്വീകരിച്ചത്. സാമൂഹികാഘാത പഠനം നടത്താന്‍ നേരത്തെ തന്നെ കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ചിലരുടെ സമ്മര്‍ഗദ്ദ ഫലമായി ചില ആളുകള്‍ സര്‍ക്കാര്‍ നടപടികളെ തെറ്റിദ്ധരിച്ച് എതിര്‍ക്കാന്‍ തയ്യാറായി. അവര്‍ക്കെതിരെ കേസില്ല. കേസുളളത് ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നമുണ്ടാക്കി പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് എതിരെയാണ്. ആ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.












Click it and Unblock the Notifications