'അങ്ങനെയൊന്നും എന്നെ പറഞ്ഞുവിടാൻ പറ്റില്ല'; സുധാകരൻ തന്നെ വീണ്ടും അധ്യക്ഷൻ, വിട്ട് നിന്ന് ഹസൻ
തിരുവനന്തപുരം: ഏറെ ദിവസം നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് കെ സുധാകരനെ വീണ്ടും അധ്യക്ഷനായി നിയമിച്ച് കോൺഗ്രസ് നേതൃത്വം. ബുധാനാഴ്ച രാവിലെ കെ പി സി സി ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലയേറ്റു. എന്നാൽ ചടങ്ങിൽ നിന്നും താത്കാലിക പ്രസിഡന്റ് പദവി വഹിച്ചിരുന്ന എംഎം ഹസൻ വിട്ടുനിന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിന്നത്. തുടർന്ന് എം എം ഹസൻ പ്രസിഡന്റിന്റെ ചുമതല താത്കാലികമായി ഏറ്റെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അധ്യക്ഷ സ്ഥാനം സുധാകരന് തന്നെ കൈമാറുമെന്ന് എ ഐ സി സി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് പൂർത്തിയായിട്ടും ഇക്കാര്യത്തിൽ നേതൃത്വം മൗനം പാലിച്ചു.

കെ പി സി സി അവലോകന യോഗത്തിൽ അധ്യക്ഷ പദം സുധാകരൻ ഏറ്റെടുക്കുമെന്ന് ഇതിനിടെ വാർത്തകൾ വന്നെങ്കിലും അതും ഉണ്ടായില്ല. ഇതോടെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനുള്ള ചരടുവലികൾ കോൺഗ്രസിൽ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായി. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇത്തരം വാർത്തകൾ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സുധാകരൻ അധ്യക്ഷ പദത്തിൽ നിന്നും മാറി നിൽക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയത്.
മാത്രമല്ല കെ സുധാകരൻ-വിഡി സതീശൻ തർക്കവും സുധാകരന്റെ പുറത്താകലിന് വഴിവെച്ചേക്കും എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് ഇപ്പോൾ സുധാകരൻ വീണ്ടും അധ്യക്ഷനായിരിക്കുന്നത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരന്റെ സമ്മർദ്ദത്തെ തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരിച്ചെത്തിയത് എന്നാണ് സൂചന.
അതേസമയം സുധാകരനെ മാറ്റണമെന്ന് തോന്നിയാൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് മാറ്റാമെന്നും എന്നാൽ സ്ഥാനാർത്ഥിയാക്കി അങ്ങനെയൊന്നും പറഞ്ഞുവിടാൻ പറ്റുന്ന ആളല്ല താനെന്നും അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം സുധാകരൻ പ്രതികരിച്ചു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ എംഎം ഹസ്സൻ എത്താത്തതിലുള്ള നീരസവും സുധാകരൻ പരസ്യമാക്കി. ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും എന്നാൽ ആവശ്യമില്ലായെന്ന് തോന്നിക്കാണും', സുധാകരൻ പറഞ്ഞു. എംഎം ഹസന്റെ സമയത്തെടുത്ത തീരുമാനങ്ങൾ ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications