'എന്നെ നീക്കണമെന്ന് പറയുന്നവര്‍ വഷളന്‍മാര്‍, നോര്‍മല്‍ അല്ലാത്ത എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടോ?: സുധാകരന്‍
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയേക്കും എന്ന പ്രചരണങ്ങള്‍ക്കിടെ പ്രതികരണവുമായി കെ സുധാകരന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം എന്ന നേരിയ സൂചന പോലും തനിക്ക് ലഭിച്ചിട്ടില്ല എന്ന് സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളാണ് കെ പി സി സി നേതൃ മാറ്റത്തെ കുറിച്ച് വാര്‍ത്ത ഉണ്ടാക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
'എന്നെ മാറ്റണം എങ്കില്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കേണ്ട കാര്യമില്ല. പാര്‍ട്ടി സ്ഥാനം എന്നോട് സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ഒഴിയും. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എത്രയോ വര്‍ഷത്തെ പാരമ്പര്യം എനിക്കുണ്ട്,' സുധാകരന്‍ വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായും ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തെ കുറിച്ചും തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ആയിരുന്നു ചര്‍ച്ച എന്നും സുധാകരന്‍ പറഞ്ഞു. തന്നെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നൊരു ഫീല്‍ ഉണ്ടായിട്ടില്ല എന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എവിടെ നിന്നാണ് പുതിയ പേരുകള്‍ വരുന്നത് എന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
'ഒരുപാട് പേര്‍ എനിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലയോ എന്ന് ഞാന്‍ അല്ലെ പറയേണ്ടത്. എന്ത് ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്‌ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ? ഞാന്‍ നോര്‍മല്‍ അല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ,' സുധാകരന്‍ ചോദിക്കുന്നു.
തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ചിലര്‍ മനഃപൂര്‍വം പറഞ്ഞു പരത്തുകയാണ് എന്നും രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നില്‍ സംസ്ഥാനത്തെ തന്നെ ഒരു നേതാവാണ് എന്നും തന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ല എന്ന ഉറപ്പ് തനിക്ക് ഉണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പ്രായമല്ല, പ്രാപ്തിയാണ് പ്രധാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ അധ്യക്ഷ സ്ഥനത്ത് നിന്ന് മാറണമെന്ന് പറയുന്നവര്‍ വഷളന്മാരാണ്. ആ പ്രചരണം അവര്‍ സ്വയം നിര്‍ത്തണം. അത്തരം പ്രചരണം നിര്‍ത്താന്‍ താന്‍ യാചിക്കില്ല എന്നും കെപിസിസി കാര്യങ്ങള്‍ നോക്കാന്‍ എം ലിജുവിനെ താനാണ് നിശ്ചയിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications