'ബിജെപിയെ ഫാസിസ്‌റ്റ് എന്ന് വിളിക്കാൻ ധൈര്യമില്ല, പിണറായിയെ ആർഎസ്എസ് പ്രചാരക് ആക്കണം'; കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടന്നാക്രമണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അതിനാൽ അദ്ദേഹത്തെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. ബിജെപിയെ ഫാസിസ്‌റ്റ് എന്ന് വിളിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.
എന്നിട്ടാണ് മുഖ്യമന്ത്രി ഇന്ത്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. പിണറായി-ബിജെപി ബന്ധം ശക്തമാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ പറഞ്ഞു. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
സിപിഎം പോളിറ്റ്ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് വെറും അലങ്കാരത്തിനപ്പുറം ഒന്നുമില്ല. ബാബ്‌റി മസ്‌ജിദ് പൊളിച്ചതും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായ പ്രകടനത്തിന്റെയും പേരില്‍ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായിക്ക് ഫാസിസം അല്ലെന്നും സുധാകരൻ പറഞ്ഞു.
അതിനിടെ ഇന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പിണറായി കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി മതനിരപേക്ഷ വോട്ടുകളെ കോൺഗ്രസ് ഭിന്നിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമര്‍ശനമുണ്ട്.
'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' എന്ന പേരിലായിരുന്നു പിണറായി വിജയൻ ലേഖനം പ്രസിദ്ധീകരിച്ചത്. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും പിണറായി പറയുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ ഇതിന് മറുപടിയുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications