'ക്യാമറയില്‍ കുടുങ്ങുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല'; സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് സുധാകരന്‍
തിരുവനന്തപുരം: അഴിമതി ക്യാമറയ്ക്കെതിരേ കോണ്‍ഗ്രസ് ജൂണ്‍ 5 നടത്തുന്ന സുപ്രധാന സമരത്തില്‍ ഇടതുപക്ഷക്കാരും ബി ജെ പിക്കാരും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മതിയായ സിഗ്‌നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സി പി എമ്മിന്റെയും ബി ജെ പിയുടെയും അണികള്‍ ഓര്‍ക്കണമെന്ന് സുധാകരന്‍ പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന് അഞ്ചുവര്‍ഷവും ശുഷ്‌കമായ ഖജനാവിലേക്ക് ആജീവനാന്തകാലവുമാണ് അഴിമതി ക്യാമറിയലൂടെ പണം എത്തുന്നത്. തിങ്കളാഴ്ച പദ്ധതി നടപ്പാക്കുമ്പോള്‍ ഉയരുന്ന ജനരോഷം കാണാതിരിക്കാനാണ് മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയ്ക്ക് പോകുന്നത്.'

'മുഖ്യമന്ത്രിയുടെ പേരില്‍ അമേരിക്കയില്‍ നടക്കുന്ന വമ്പിച്ച പണപ്പിരിവിനെതിരേ അവിടെയും ജനരോഷം ആളിക്കത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കേണ്ട. സര്‍ക്കാരിന് നേരിട്ട് മുതല്‍ മുടക്കില്ലെന്ന് വാദിക്കുമ്പോഴും പദ്ധതിക്കായി കമ്പനികള്‍ നിക്ഷേപിച്ച തുകയുടെ പലമടങ്ങ് സാധാരണക്കാരനെ പിഴിഞ്ഞ് നല്‍കാമെന്ന ധാരണയിലാണ് പദ്ധതി നടപ്പാക്കുന്നത്'.
'പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. എന്നാല്‍ പദ്ധതിയിലെ കൊള്ളരുതായ്മകളെയാണ് കോണ്‍ഗ്രസ് തുറന്ന് കാട്ടുന്നതും അഴിമതിയുടെ ചുരുളുകള്‍ അഴിച്ച് സത്യം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതും. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ച് അഴിമതിക്ക് വെള്ളപൂശുന്ന സിപിഎമ്മിന് ഇതിനെതിരേ ഉയരുന്ന ജനരോഷം കണ്ട് നിലപാട് മാറ്റേണ്ടി വരും. അഴിമതി ക്യാമറയെ തുരത്തുന്നതുവരെ സമരവും നിയമപോരാട്ടവും തുടരും'- സുധാകരന്‍ പറഞ്ഞു.
എഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. വൈകുന്നേരം 4ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, കെ മുരളീധരന്‍ ഉള്‍പ്പെടെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കെ പി സി സി ഭാരവാഹികള്‍, എം പിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications