മധു മുല്ലശ്ശേരി തുടക്കം മാത്രം: തിരുവനന്തപുരത്തെ രണ്ട് ലോക്സഭ മണ്ഡലങ്ങളും പിടിക്കുമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മധു മുല്ലശ്ശേരിക്ക് പിന്നാലെ കൂടുതല്‍ സി പി എം നേതാക്കള്‍ ബി ജെ പിയിലേക്ക് എത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന വ്യാപകമായി സി പി എമ്മിൽ നിന്നും ബി ജെ പിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണ്. അതിൻ്റെ ഭാഗമായാണ് മധു മുല്ലശ്ശേരി ബി ജെ പിയിലെത്തിയതെന്നും തിരുവനന്തപുരം മാരാർജി ഭവനിൽ മധുവിന് പാർട്ടി അംഗത്വം നൽകിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
സി പി എമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സി പി എം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയിൽ നിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണ്. ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിൻ്റെ ഉദാഹരണമാണ്.

ഗാർഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെ കേസെടുക്കേണ്ടി വരും. ബി ജെ പിയിൽ ചേരുന്നവർക്ക് മതിയായ സംരക്ഷണം നൽകും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്റ് മണ്ഡലങ്ങളും എൻ ഡി എക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്. മധുവിനെ പോലെയുള്ള മികച്ച സംഘാടകർ പാർട്ടിയിലെത്തുന്നതോടെ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും.
സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ ഓൺലൈനിലൂടെയാണ് കെ സുരേന്ദ്രൻ ബിജെപി അംഗമാക്കിയത്. മുൻ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, മംഗലപുരം ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന മധു എട്ട് വർഷം മംഗലപുരം ലോക്കൽ സെക്രട്ടറിയായിരുന്നു. തോന്നക്കൽ എച്ച് ഡബ്ല്യു ട്വൻ്റി വൺ സഹകരണ ബാങ്ക് പ്രസിഡൻ്റ്, മംഗലപുരം പഞ്ചായത്ത് മെമ്പർ തുടങ്ങിയ റോളുകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടെപ്പം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ മുല്ലശ്ശേരിയും ബി ജെ പിയിൽ ചേർന്നു.
ശിശുക്ഷേമ സമിതിയിൽ പിഞ്ചു കുഞ്ഞിന് പീഡനമേൽക്കേണ്ടി വരുന്നു. ക്ഷേമപെൻഷൻ പോലും സർക്കാർ ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നു. സർക്കാർ പൂർണ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications