കെ സുരേന്ദ്രൻ ജയിൽ മോചിതനായി; വൻ സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. ജയിലിന് പുറത്ത് വൻ സ്വീകരണമാണ് ബിജെപി നേതാക്കൾ സുരേന്ദ്രന് ഒരുക്കിയിരുന്നത്. കഴിഞ്ഞ നവംബർ 17ന് അറസ്റ്റിലായ കെ സുരേന്ദ്രൻ 22 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ സുരേന്ദ്രനെ സ്വീകരിക്കാനായി പൂജപ്പുര സബ് ജയിലിന് മുമ്പിൽ എത്തിയിരുന്നു
ശബരിമലയിൽ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. ഈ കേസിൽ പിന്നീട് ജാമ്യം കിട്ടിയെങ്കിലും പോലീസുകാരനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പത്തോളം കേസുകളിൽ ജയിൽ വാസം നീളുകയായിരുന്നു.

ജയിലിൽ തന്നെ
സംഘർഷ സാധ്യതകൾ മുന്നിൽ കണ്ട് കനത്ത സുരക്ഷയാണ് മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയിൽ ഒരുക്കിയത്. സംഘർത്തിന് നേതൃത്വം നൽകാൻ സാധ്യതയുള്ള ആരെയും സന്നിധാനത്തേയ്ക്ക് കടത്തി വിടരുതെന്നായിരുന്നു പോലീസ് തീരുമാനം. വിലക്ക് ലംഘിച്ച് കടക്കാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയാണ് ആദ്യം അറസ്റ്റിലാകുന്നത്. പിന്നാലെ സുരേന്ദ്രനും അറസ്റ്റിലായി. രണ്ടാം ദിവസം ശശികല പുറത്തിറങ്ങിയെങ്കിലും കെ സുരേന്ദ്രൻ വിവിധ കേസുകളിലായി ജയിലിൽ തുടരുകയായിരുന്നു.

ജാമ്യം ലഭിച്ചിട്ടും
നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം ലഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂരിൽ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചിത്തിര ആട്ട വിശേഷത്തിന് 52 കാരിയായ തൃശൂർ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തിലും സുരേന്ദ്രനെ പ്രതിചേർത്തിരുന്നു. ഈ കേസിലും ജാമ്യം ലഭിച്ചതോടെയാണ് കെ സുരേന്ദ്രൻ ജയിൽ മോചിതനാകുന്നത്.

പോലീസിനെതിരെ ആരോപണം
പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും മരുന്നു വെള്ളവും പോലും നിഷേധിച്ചെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ഇരുമുടിക്കെട്ട് താഴെയിട്ട് പോലീസുകാർ ചവിട്ടിയെന്ന സുരേന്ദ്രന്റെ ആരോപണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പൊളിച്ചടുക്കിയത്. കെ സുരേന്ദ്രൻ ഇരുമുടിക്കെട്ട് സ്വയം താഴെയിടുന്ന ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് തനിക്കെതിരെ കള്ളക്കേസുകളെടുക്കാൻ നിർദ്ദേശം നൽകുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ നിന്നും
തന്നെ മാറ്റിനിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് സുരേന്ദ്രന്റെ വാദം.

ദുർബല പ്രതിരോധം
പാർട്ടിയിലെ തീപ്പൊരി നേതാവിന്റെ അറസ്റ്റിൽ പാർട്ടി ദുർബല പ്രതിരോധമാണ് തീർത്തതെന്ന വിമർശനമാണ് അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ ഉയർന്നത്. വി മുരളീധര പക്ഷം ദേശീയനേതൃത്വത്തിന്റെയടുത്ത് പരാതിയുമായി എത്തി. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നും കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരഹാര സമരത്തിനും കാര്യമായ മാധ്യമശ്രദ്ധ കിട്ടുന്നില്ല.

വൻ സ്വീകരണം
സുരേന്ദ്രന്റെ അറസ്റ്റിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനം പ്രതിരോധിക്കാൻ വമ്പിച്ച സ്വീകരണമാണ് കെ സുരേന്ദ്രന് പൂജപ്പുര സെൻട്രൽ ജയിലിന് മുമ്പിൽ ഒരുക്കിയിരുന്നത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കും സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപ്പന്തലിലേക്കും വാഹനറാലിയുടെ അകമ്പടിയോടുകൂടിയാണ് സുരേന്ദ്രനെ അണികൾ എത്തിച്ചത്. വിവിധ ജില്ലകളിൽ കെ സുരേന്ദ്രന് സ്വീകരണയോഗം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒരേയൊരു പ്രാർത്ഥന
ശബരിമലയിൽ ആചാരലംഘനം നടക്കുമോയെന്ന ആശങ്ക മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് ജയിൽ മോചിതനായ കെ സുരന്ദ്രൻ പ്രതികരിച്ചു. നാമജപ പ്രതിഷേധങ്ങൾ അടക്കമുള്ള സമാധാന സമരങ്ങളിൽ ഇനിയും താൻ പങ്കെടുക്കും. ശബരിമലയെ തകർക്കാനുള്ള പിണറായി വിജയന്റെ ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

കർശന ഉപാധികൾ
കർശന ഉപാധികളോടെയാണ് ഹൈക്കോടതി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിൽ സുരേന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിന്റെ ബോണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഇടപെടരുതെന്ന കർശന ഉപാധികളുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്
മധ്യപ്രദേശ് കോണ്ഗ്രസ്സ് തിരിച്ചുപിടിക്കും, ബിജെപിക്ക് കനത്ത നഷ്ടമെന്ന് ന്യൂസ് 24- പേസ് മീഡിയ ഫലം