ദുബായിൽ കുതിച്ചുയർന്ന് സ്വർണവില; ചാഞ്ചാട്ടം അവസാനിച്ചു, 24 കാരറ്റ് ഗ്രാമിന് വില എത്ര? ഭാവി സാധ്യതകൾ
ദുബായ്: ആഗോള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെയും കറൻസിയിലെ മാറ്റങ്ങളുടെയും ചുവടുപിടിച്ച് ദുബായിൽ സ്വർണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ടുനിന്ന ചാഞ്ചാട്ടങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ വില കുതിച്ചുയർന്നത്. ചില്ലറ വിൽപന നിരക്കുകളിലും കാര്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെ തന്നെ ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 623 ദിർഹമായി ഉയർന്നിരുന്നു. ഇത് തിങ്കളാഴ്‌ചത്തെ 615.75 ദിർഹത്തിൽ നിന്ന് കാര്യമായ വർധന തന്നെയാണ്. അതുപോലെ തന്നെ 22 കാരറ്റ് സ്വർണവില തലേദിവസത്തെ 570 ദിർഹത്തിൽ നിന്ന് 576.75 ദിർഹമായി ഉയർന്നു. ഇത് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിന് തുല്യമാണ്. നിലവിൽ സ്വർണവില എല്ലാവരും ജിജ്ഞാസയോടെയാണ് നോക്കി കാണുന്നത്.

നിക്ഷേപകർ ആയാലും സ്വർണം വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നവർ ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നും ഇല്ല. ഫെബ്രുവരിയിലും മാർച്ച് ആദ്യവാരങ്ങളിലും ദുബായിലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ കണ്ടു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ മാറുന്ന മനോഭാവവുമാണ് ഈ വില വ്യതിയാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കാര്യങ്ങൾ.
മാർച്ച് ഒന്നിന് 24 കാരറ്റ് സ്വർണത്തിന് 636 ദിർഹമായിരുന്നു വില. അവിടെ നിന്നാണ് മാർച്ച് രണ്ടിന് ഇത് 641 ദിർഹമായി കുതിച്ചുയർന്നത്, ഈ മാസത്തെ ഉയർന്ന നിരക്കുകളിലൊന്നായിരുന്നു അത്. ആദ്യ ആഴ്‌ചയിൽ വില കുറഞ്ഞ് മാർച്ച് മൂന്നിന് 614.25 ദിർഹമായും മാർച്ച് അഞ്ചിന് 611.50 ദിർഹമായും എത്തി. പിന്നീട് മാർച്ച് ആറിന് 620 ദിർഹമായി വീണ്ടും ഉയരുകയായിരുന്നു.
പിന്നീട് വാരാന്ത്യത്തിലും ചാഞ്ചാട്ടം തുടർന്നു. മാർച്ച് ഏഴിനും എട്ടിനും ഇത് 623 ദിർഹമിന് മുകളിലെത്തി. മാർച്ച് ഒൻപതിന് 615.75 ദിർഹമായി കുറഞ്ഞു. ചൊവ്വാഴ്‌ചത്തെ വർദ്ധനവോടെ വില വീണ്ടും 623 ദിർഹത്തിലെത്തി നിൽക്കുകയാണ്. ഇനിയും ഇത്തരം ചാഞ്ചാട്ടങ്ങൾ തുടരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ആഗോള വിപണിയിലെ സംഭവവികാസങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നത് തുടരുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും പലിശ നിരക്ക് പ്രതീക്ഷകളും ഇതിൽ നിർണായക പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. നിലവിലെ സാഹചര്യത്തിൽ മിഡിൽ ഈസ്‌റ്റ് സംഘർഷങ്ങൾക്ക് അയവുണ്ടാവുകയാണെങ്കിൽ മാത്രമേ വിലയിൽ സ്ഥിരത ഉണ്ടാവാൻ സാധ്യത ഉള്ളൂ.
അതിനിടെ ദുബായിലെ സ്വർണവിലയിൽ കാര്യമായ ഡിസ്‌കൗണ്ടുകളാണ് കഴിഞ്ഞ ദിവസം മുതൽ നൽകി വരുന്നത്. ഔൺസിന് ഏകദേശം 30 ഡോളർ (ഓരോ ഔൺസിനും 2758 രൂപ കിഴിവ്) വിലക്കുറവിലാണ് വ്യാപാരികൾ സ്വർണം വിൽക്കുന്നത്. കൂടാതെ, ചെലവേറിയ ചരക്ക്, ഉയർന്ന ഇൻഷുറൻസ്, ഇറാൻ-യുഎസ് യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ കാരണം വാങ്ങുന്നവർ പുതിയ ഓർഡറുകൾ നൽകാൻ മടിക്കുന്നു എന്നത് കൂടി മറ്റൊരു കാരണമാണ്.
ദുബായ് സ്വർണവില; ഭാവിയെന്ത്?
ദുബായിലെ സ്വർണവില 2026, 2027 വർഷങ്ങളിൽ കുതിച്ചുയരുമെന്നാണ് പല പ്രവചനങ്ങളും പറയുന്നത്. സമീപകാലത്തെ ഏറ്റക്കുറച്ചിലുകൾക്കിടയിലും തുടർച്ചയായ വളർച്ചയുണ്ടാകുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. ജെപി. മോർഗൻ അടക്കമുള്ള ആഗോള ഭീമൻമാർ 2026 അവസാനത്തോടെ ഔൺസിന് 5,300 ഡോളറിനും 5,400 ഡോളറിനും ഇടയിൽ ശരാശരി വില ഉണ്ടാവുമെന്നാണ് പറയുന്നത്. ചില അനുകൂല സാഹചര്യങ്ങളിൽ ഇത് 6,000 ഡോളർ മുതൽ 6,300 വരെ ഉയരാനും സാധ്യത കൽപ്പിക്കപ്പെടുന്നു.












Click it and Unblock the Notifications