'പേടിപ്പിക്കാന്‍ നോക്കേണ്ട... ഇവിടെ തന്നെ കാണും'; കരിങ്കൊടി കാണിക്കാനെത്തിയ ബിജെപിക്കാരോട് കടകംപള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ. തിരുവനന്തപുരം പൗഡികോണത്ത് വെച്ചായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ കടകംപള്ളി സുരേന്ദ്രന്‍ന് എതിരെ കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി പ്രതിഷേധം നടക്കുന്നു എന്ന് അറിഞ്ഞതോടെ വാഹനം നിര്‍ത്തിയ കടകംപള്ളി സുരേന്ദ്രന്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. ബി ജെ പിക്കാരെ പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കടകംപള്ളി സുരേന്ദ്രന്‍ അവരെ വിലക്കുകയായിരുന്നു. പൊലീസിന്റെ ആവശ്യം ഇല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തന്നെ അവര്‍ ( ബി ജെ പി പ്രവര്‍ത്തകര്‍ ) എന്താണ് ചെയ്യുന്നത് എന്ന് നോക്കട്ടെ എന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ആരോപണം എങ്ങനെ നേരിടണം എന്ന് തനിക്ക് അറിയാം എന്നും നിങ്ങള്‍ പ്രതിഷേധിച്ചോ എന്നും കടകംപള്ളി സുരേന്ദ്രന്‍ ബി ജെ പി പ്രവര്‍ത്തകരോടായി പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം രാഷ്ട്രീയത്തെ എങ്ങനെ നേരിടണം എന്ന് അറിയാം. ഞാന്‍ ജനങ്ങളുടെ കൂടെ തന്നെ കാണും. പൊലീസിന്റെ സഹായമൊന്നും തനിക്ക് വേണ്ടാ എന്നും കടകംപള്ളി വ്യക്തമാക്കി. ഈ നാട്ടില്‍ തനിക്ക് പൊലീസിന്റെ ആവശ്യമില്ല എന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ പേടിപ്പിക്കാന്‍ നോക്കണ്ടാ എന്നും അദ്ദേഹം പറഞ്ഞു.

ഈ നാട്ടുകാരോട് എനിക്ക് ചിലത് പറയാനുണ്ട്. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് എന്ന് നേരത്തേയും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സ്വപ്ന സുരേഷ് ബി ജെ പി പാളയത്തിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രനെ കൂടാതെ മുന്‍ മന്ത്രി തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരേയും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുവരും ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ സ്വപ്‌ന സുരേഷ് പുറത്ത് വിട്ടിരുന്നു.












Click it and Unblock the Notifications