ആവിഷ്ക്കാര സ്വാതന്ത്ര്യം അംഗീകരിക്കും: പക്ഷെ കക്കുകളി നാടകം നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സന്യസ്ത സമൂഹത്തെ അവഹേളിക്കുന്ന, അപമാനിക്കുന്ന കക്കുകളി നാടകം പിൻവലിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരുമാണെങ്കിലും ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ സന്യസ്ത സമൂഹത്തെ അവഹേളിക്കുന്ന, അപമാനിക്കുന്ന കക്കുകളി നാടകം പിൻവലിക്കണം. ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന ശക്തികൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പാവനവും പവിത്രവുമാണ് സന്യസ്തം. ജീവിതം ജീവകാരുണ്യത്തിനും സഹജീവി സഹായത്തിനും സമർപ്പിച്ച സന്യസ്ത സമൂഹം ലോകത്താകമാനം നടത്തുന്ന പുണ്യ പ്രവർത്തികളെ വില കുറച്ചു കാണുകയും അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്.
ഞങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവരാണ്, പ്രോത്സാഹിപ്പിക്കുന്നവരാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കം അനുവദിക്കില്ല. കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയുമാണ്.
വിഭാഗീയതയുടെ വിഷം വിതറി നാട്ടിൽ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കം തടയപ്പെടണം. കക്കുകളി നാടകത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തെ കാണാതെ പോകരുത്. ഈ നാടകം അവതരിപ്പിക്കാൻ അനുവദിക്കരുത് ബന്ധപ്പെട്ടവർ നാടകത്തിൽനിന്ന് പിൻമാറണം-രമേശ് ചെന്നിത്തലയുടെ പ്രസ്താവന അവസാനിക്കുന്നു.
അതേസമയം, കക്കുകളി നാടകത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയും രംഗത്ത് വന്നു. ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും അവഹേളിക്കുന്നതാണ് നാടകമെന്ന് എംപി ആരോപിച്ചു. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. വിശ്വാസസമൂഹത്തിന്‍റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ജോസ് കെ മാണി എംപി വ്യക്തമാക്കി.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഒരു വിഭാഗത്തിന്‍റെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. എല്ലാ മതങ്ങളും വിശ്വാസസമൂഹങ്ങളും പരസ്പരം ബഹുമാനിക്കുകയും മൈത്രിയോടെ ജീവിക്കുകയും ചെയ്യുന്ന നാടാണ് കേരളം. മാതൃകയാര്‍ന്ന ഈ സമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുന്ന ഒന്നും കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications