കളമശ്ശേരി സ്‌ഫോടനം: മതവിദ്വേഷം പടര്‍ത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സെല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിലാണ് കേസ്. സോഷ്യല്‍ മീഡിയയിലൂടെ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാജീവ് ചന്ദ്രശേഖറിനും ബി ജെ പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കുമെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സരിന്‍ പി ആയിരുന്നു പരാതി നല്‍കിയത്. ഇരുവരുടേയും പ്രസ്താവനകള്‍ അപകീര്‍ത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രീണനനയമാണ് എന്നായിരുന്നു ആദ്യം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ വിഷമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് മറുപടിയെന്നോണം രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ മുഖ്യമന്ത്രിയെ നുണയന്‍ എന്ന് വിളിച്ചിരുന്നു. പിണറായി വിജയനെതിരായ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ ഹമാസ് നേതാവിന്റെ സംഭാഷണം കേള്‍പ്പിച്ചതിനെ താന്‍ ചോദ്യം ചെയ്തിരുന്നെന്നും സി പി എമ്മും കോണ്‍ഗ്രസും വോട്ടുബാങ്കിന് വേണ്ടി ഭീകരത പ്രോത്സാഹിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മത വര്‍ഗീയ ഭീകരസംഘടനകളെ ന്യായീകരിച്ചാല്‍ കളമശ്ശേരിയിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനാണ് പിണറായി തന്നെ വര്‍ഗീയവാദിയായി മുദ്രകുത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടും വിഷമാണ് എന്നും അത് ആക്ഷേപമല്ല അദ്ദേഹത്തിന് അലങ്കാരമായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമാധാനാന്തരീക്ഷവും കേരളത്തനിമയും തകര്‍ക്കാനുള്ള ശ്രമമാണ് രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖര്‍ രാജ്യത്തെ മന്ത്രിയാണെന്നതു മറന്നാണ് പ്രതികരിക്കുന്നത്.
എക്കാലത്തും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം എന്നും രാജീവ് ചന്ദ്രശേഖറിന്റെ മനസിനത് കാണാനാകില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. രാജീവ് ചന്ദ്രശേഖറും കൂട്ടരും പലസ്തീന്‍ അനുകൂല പരിപാടികള്‍ക്കെതിരെ കേസെടുപ്പിക്കാന്‍ നടക്കുകയാണ് എന്നും അത് കേരളത്തില്‍ നടക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications