കളമശ്ശേരി സ്‌ഫോടനം; അമ്മക്കും സഹോദരിക്കും പിന്നാലെ പ്രവീണും മരണത്തിന് കീഴടങ്ങി, മരണസംഖ്യ ആറായി
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ ആറായി ഉയര്‍ന്നു. പ്രവീണിന്റെ അമ്മയും (സാലി) സഹോദരിയും (ലിബ്‌ന) നേരത്തെ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.
ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ്, ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ച മറ്റുള്ളവര്‍. സ്‌ഫോടനം നടന്ന ദിവസം തന്നെയായിരുന്നു 12 കാരിയായ ലിബ്‌ന മരിച്ചത്. ഈ മാസം 11 നാണ് സാലി മരിച്ചത്. ഇതോടെ ഒരു കുടുബത്തിലെ മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്.

ലിബ്‌നയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. നിലവില്‍ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബര്‍ 29-ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സംഭവസമയം 2500 ഓളം പേര്‍ ഹാളിലുണ്ടായിരുന്നു.
തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് സ്‌ഫോടനം നടത്തിയത്. അമ്പതോളം പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. യഹോവ സാക്ഷികളില്‍പ്പെട്ടയാള്‍ തന്നെയായ ഡൊമിനിക് മാര്‍ട്ടിന്‍ ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയത് എന്നാണ് പറയുന്നത്. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് പൊലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു.
സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ ഇയാളുടെ വാഹനത്തില്‍ നിന്നാണ് കണ്ടെത്തിയത്. നിലവില്‍ ഇയാളെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ മാസം 29 വരെയാണ് ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം കളമശ്ശേരി സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സ്വകാര്യാശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.












Click it and Unblock the Notifications