പുതിയ കനയ്യയും പഴയ മോഹൻ കുമാരമംഗലവും, പാർട്ടി മാറ്റം ആത്മഹത്യാപരമെന്ന് അശോകൻ ചരുവിൽ
സിപിഐ വിട്ട് യുവ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് ഇടതുപക്ഷത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് യുവാക്കളെ ആകർഷിച്ച് ഇടതുപക്ഷത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ കഴിയുന്ന നേതാവായിട്ടായിരുന്നു കനയ്യ കുമാറിനെ വിലയിരുത്തിയിരുന്നത്. എന്നാൽ ഇടതുപക്ഷത്തിന് വേഗം പോരെന്ന പരാതിയോടെ കോൺഗ്രസിന് കൈ കൊടുത്തിരിക്കുകയാണ് കനയ്യ കുമാർ.
കനയ്യയുടെ പാർട്ടി മാറ്റം വലിയ ചർച്ചയാകുമ്പോൾ അത് ആത്മഹത്യാപരമാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരനും ഇടതുസഹയാത്രികനുമായ അശോകൻ ചരുവിൽ. വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തി സഖാക്കൾ എന്തുകൊണ്ട് പാർട്ടി വിട്ട് പോകുന്നു എന്നതൊരു ചോദ്യമാണെന്ന് അശോകൻ ചരുവിൽ പറയുന്നു.

അശോകൻ ചരുവിലിന്റെ കുറിപ്പ്: '' പുതിയ കനയ്യാ കുമാറും പഴയ മോഹൻ കുമാരമംഗലവും. രാഷ്ട്രീയ നേതാക്കൾ പാർടി മാറുന്നത് പുതിയ സംഭവമല്ല. പക്ഷേ കനയ്യാകുമാറിൻ്റെ പാർടിമാറ്റം ദു:ഖകരമാകുന്നത് അത് ആത്മഹത്യാപരമാണ് എന്നതുകൊണ്ടാണ്. ഒരു ജനകീയപ്പോരാളി നിർവീര്യമായിരിക്കുന്നു. ബൈബിളിൽ പറഞ്ഞ പോലെ ഉപ്പിന് പുളി നഷ്ടപ്പെട്ടുവെങ്കിൽ പിന്നെ എന്ത്? അതിവേഗം സി.പി.ഐ.നേതൃത്വത്തിലേക്ക് ഉയർന്നു വന്ന ഈ സഖാവിൻ്റെ പാർടിമാറ്റം കമ്യൂണിസ്റ്റ് പാർടികളെ സംബന്ധിച്ച് സംഘടനാ തലത്തിലും ആശയതലത്തിലും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഉയർന്ന ഘടകങ്ങളിലെ സഖാക്കൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തി എന്തുകൊണ്ട് വിട്ടുപോകുന്നു എന്നത് അതിൽ പ്രധാനമാണ്. മറ്റൊന്ന് സി.പി.ഐ.യെ സംബന്ധിച്ചുള്ളതാണ്. 1964 ലൈ പിളർപ്പിൻ്റെ കാലത്ത് തുടങ്ങിയതാണ് അത്. പിളർപ്പിൻ്റെ കാരണങ്ങളിൽ ഒന്ന് ഭരണവർഗ്ഗത്തിൻ്റെ പ്രതിനിധിയായി രാജ്യം ഭരിച്ചു കൊണ്ടിരുന്ന കോൺഗ്രസ് പാർടിയെ സംബന്ധിച്ച് എന്തു നിലപാട് സ്വീകരിക്കണം എന്നുള്ളതായിരുന്നുവല്ലോ. കോൺഗ്രസ്സുമായും കേന്ദ്രസർക്കാരുമായും സഹകരിക്കണം എന്ന നിലപാടുള്ളവരാണ് സി.പി.ഐ. ആയി തുടർന്നത്. പിന്നീട് അതിൽ ഒരു വിഭാഗം ആവേശം മൂത്ത് കോൺഗ്രസ്സിൽ തന്നെ ചേരുകയും ചെയ്തു.

മോഹൻ കുമാരമംഗലത്തെ ഓർക്കുക. പി.രാമമൂർത്തിക്കും സി.എസ്. സുബ്രഹ്മണ്യത്തിനും ആർ. ഉമാനാഥിനുമൊപ്പം മദ്രാസ് ഗൂഡാലോചനക്കേസിൽ പ്രതിയായ വിപ്ലവകാരിയായിരുന്നു കുമാരമംഗലം. അദ്ദേഹത്തെക്കുറിച്ച് തൃശൂർക്കായൽ കോൾപ്പടവുകളിലെ ഗ്രാമങ്ങൾക്കും ആവേശകരമായ ഓർമ്മകളുണ്ട്. ചെത്തുതൊഴിലാളി സമരം നടക്കവെ പട്ടാളം ഞെരിച്ചമർത്തിയ അന്തിക്കാടൻ ഗ്രാമങ്ങൾ അദ്ദേഹം അന്നു സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ അച്ഛൻ അന്ന് മദ്രാസ് സ്റ്റേറ്റിലെ പോലീസ് മന്ത്രിയായിരുന്നു. സഹോദരൻ ആർമി ചീഫും. ചെത്തുതൊഴിലാളികളുടെ സംഘടിത സമരശക്തി വീണ്ടെടുക്കാൻ ആ സന്ദർശനം ഒരു കാരണമായി.

1967ൽ കോൺഗ്രസ്സിൽ ചേർന്ന കുമാരമംഗലം 1971ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ അംഗമായി. 1973ൽ വിമാനാപകടത്തിൽ മരിച്ചു. പിതാവിൻ്റെ വഴി പിന്തുടർന്ന് കോൺഗ്രസ്സിലെത്തിയ മകൻ രംഗരാജൻ കുമാരമംഗലം നരസിംഹറാവു മന്ത്രിസഭയിൽ ഉണ്ടായിരുന്നു. തുടർന്ന് ബി.ജെ.പി.യിൽ ചേർന്ന് എ.ബി.വാജ്പേയ് മന്ത്രിസഭയിലും അംഗമായി. 1964ൽ പിളർന്ന സമയത്ത് സി.പി.ഐ. എടുത്ത കോൺഗ്രസ് അനുഭാവനയം പിന്നീട് ആ പാർടിയെ പ്രതിസന്ധിയിൽ എത്തിച്ചു. 1975ൽ പ്രഖ്യാപിച്ച ജനാധിപത്യവിരുദ്ധമായ അഭ്യന്തര അടിയന്തിരാവസ്ഥയെ അവർക്ക് പിന്തുണക്കേണ്ടി വന്നു.

പിന്നീട് സി.പി.ഐ. ആ നയം തിരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചേർന്നത് ചരിത്രത്തിലെ ആവേശകരമായ ഒരദ്ധ്യായമാണ്. എന്നാൽ പഴയ നയത്തിൻ്റെ ഒരു ഹാംഗോവർ ആ പാർടിക്ക് ബാധ്യതയായി തുടരുന്നുണ്ടെന്നത് വ്യക്തം. ചില മധുര സ്മരണകൾ കാണാറുണ്ട്. കനയ്യയുടെ യാത്രയിൽ അതിൻ്റെ സ്വാധീനം ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ: മോഹൻ കുമാരമംഗലം പോയത് അടിയന്തിരാവസ്ഥക്കു മുമ്പുള്ള ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സിലേക്കാണ്. സഖാവ് കനയ്യാകുമാർ പോകുന്നതാകട്ടെ നരസിംഹറാവു/മൻമോഹൻ സിംഗ് ബാധയേറ്റ കോൺഗ്രസ്സിലേക്കാണ്. വലിയ വ്യത്യാസമുണ്ട് അതിന്.

പ്രധാനപ്പെട്ട മറ്റൊരു ചോദ്യം: ജാതി മേധാവിത്തത്തിനെതിരായ പോരാട്ടത്തിലൂടെ ഉയർന്നുവരുന്നവരെ ഉൾക്കൊള്ളാൻ കഴിയുംവിധം കമ്യൂണിസ്റ്റ് പാർടികൾ ഇനിയും പാകപ്പെട്ടിട്ടുണ്ടോ എന്നതാണ്. ഇക്കാര്യത്തിൽ സമീപകാലത്തെ സി.പി.ഐ.എം. പാർടി പ്രമേയങ്ങൾ ആശാവഹമാണ്. മനുസ്മൃതിയുടെ ആരാധകർ സാമ്രാജ്യത്തത്തിൻ്റെ ഉപകരണമായി രാജ്യം ഭരിക്കുകയാണ്. ദളിത് പിന്നാക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളും സ്ത്രീകളും അങ്ങേയറ്റം അസ്വസ്ഥരാണ്. ധാരാളം പൊതുപ്രവർത്തകർ ആ മേഖലയിൽ നിന്ന് ഉയർന്നു വരുന്നു. അവരെ ഉൾക്കൊണ്ടു മുന്നോട്ടു പോവുക എന്നത് ഈ കാലം ആവശ്യപ്പെടുന്ന പ്രധാന സംഗതിയാണ്. ഇക്കാര്യം വരാൻ പോകുന്ന പാർടി കോൺഗ്രസ്സുകൾ ശ്രദ്ധിക്കും എന്ന് കരുതുന്നു''.












Click it and Unblock the Notifications