ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിനെതിരെ കാന്തപുരവും മുസ്ലിം സംഘടനകളും
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍. കാന്തപുരം വിഭാഗവും സമസ്തയും സര്‍ക്കാരിനെതിരെ രംഗത്തുവന്നു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സച്ചാര്‍, പാലോളി ശുപാര്‍ശകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് സംഘടനകളുടെ പൊതുവികാരം.
മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കുകയായിരുന്നു സച്ചാര്‍ കമ്മിറ്റി. സമിതിയുടെ റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്ന തീരുമാനമാണ് പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണ്. തൊഴില്‍മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ അടിസ്ഥാനമാക്കുന്നില്ലെന്നും സമസ്ത സംവരണ സമിതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ തീരുമാനം മുസ്ലിങ്ങളെ പിന്നാക്കാവസ്ഥയിലേക്ക് തള്ളുമെന്ന് കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. ഈ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ലക്ഷ്യങ്ങളുമായി ചേരുന്നതല്ല മന്ത്രിസഭയുടെ തീരുമാനം എന്നും മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
സച്ചാര്‍ കമ്മിറ്റിയുടെ എല്ലാ ആനുകൂല്യങ്ങളും പിണറായി വിജയന്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സച്ചാര്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി മറ്റു സംസ്ഥാനങ്ങളില്‍ ആനുകൂല്യം നല്‍കുന്ന വേളയിലാണ് കേരളത്തില്‍ എല്ലാം അട്ടിമറിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications