ആപ്പും എന്‍സിപിയും കർണാടകയിലേക്ക്: ചങ്കിടിപ്പേറുന്നത് കോണ്‍ഗ്രസിന്, വോട്ട് വിഭജിച്ചേക്കും
ബെംഗളൂർ: പഞ്ചാബിലെ വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടി മറ്റ് സംസ്ഥാനങ്ങളും ലക്ഷ്യം വെച്ചുകൊണ്ട് വലിയ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പാർട്ടി അടിത്തറയില്‍ പ്രവർത്തനം ശക്തമാക്കി തുടങ്ങി. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ കർണാടകയും ആം ആദ്മിയുടെ മാസ്റ്റർ പ്ലാനിലുണ്ട്.
കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ശക്തമായ പോരാട്ട നടത്തുന്ന കർണാടകയിലേക്ക് ആംആദ്മി കൂടെ എത്തുമ്പോള്‍ ബിജെപിയുടെ മുഖത്താണ് ചിരി കൂടുതല്‍. എഎപിയുടെ പ്രവർത്തനം സ്വാഭാവികമായും ബി ജെ പി വിരുദ്ധ വോട്ടുകള്‍ പിളർത്തുന്നതില്‍ സഹായകരമാവും എന്നതാണ് ബി ജെ പിയുടെ ആശ്വാസത്തിന് പിന്നിലെ പ്രധാന കാരണം.

എ എ പി മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി തുടങ്ങിയ ബി ജെ പി വിരുദ്ധ കക്ഷികളും കർണാടകയില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയേക്കും. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തിയുള്ള പാർട്ടിയാണ് ബി എസ് പി. മുന്‍പ് ഏതാനും എംഎല്‍എമാർ മായാവതിയുടെ പാർട്ടിക്ക് കർണാടകയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യ എതിരാളിയായ ബിജെപിക്കെതിരെ സ്വാഭാവികമായും അണിനിരന്ന ഈ 'പ്രാദേശിക' പാർട്ടികൾ ചെറുതെങ്കിലും ചോർത്തുന്ന ഓരോ വോട്ടിന്റേയും ആനുകൂല്യം ബി ജെ പിക്ക് വന്ന് ചേരും. ഈ പാർട്ടികൾക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും മതേതര വോട്ടുകൾ ഭിന്നിച്ചേക്കുമെന്ന പൊതുധാരണ കോണ്‍ഗ്രസ് പാളയത്തിലും ശക്തമാണ്. ഇത് കോൺഗ്രസിന് കനത്ത നഷ്ടം വരുത്തിയേക്കാം, പ്രത്യേകിച്ചും സംസ്ഥാനത്തെ ദീർഘകാല ശത്രുവായ ജെഡി(എസ്) മുസ്ലീം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്ന ഘട്ടം കൂടിയായതിനാല്‍.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എന്നിവരുടെ മത്സരവും മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയേക്കും. ഈ സാഹചര്യത്തില്‍ കോൺഗ്രസിന് അതൃപ്തിയുണ്ടെങ്കിലും, ഭരണകക്ഷിയായ ബി.ജെ.പിക്കും തങ്ങളുടെ വോട്ട് ബാങ്ക് വിഭജനത്തെക്കുറിച്ച് നേരിയ ആശങ്കയുണ്ട്.

ഉദാഹരണത്തിന്, നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള എ എ പിയുടെപ്രവർത്തനം ബി ജെ പി അനുകൂല വോട്ടുകളെ ആകർഷിച്ചേക്കും. അതുപോലെ എൻ സിപി മറാത്തി വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ട്, 18 നിയമസഭാ സീറ്റുകളുള്ള ബെലഗാവി പോലുള്ള ജില്ലകളിലും കിത്തൂരിന്റെ മറ്റ് മേഖലകളിലും ബിജെപിയും കോൺഗ്രസും ശക്തമായ മത്സരം നടത്തുന്ന ഇടത്തേക്കായിരിക്കും എന്‍ സി പിയുടേയും കടന്ന് വരവ്.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച ബംഗളൂരുവിൽ നടത്തിയ പരിപാടിയില്‍ അഴിമതിയുടെ കാര്യത്തില്‍ ബി ജെ പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചിരുന്നു. രണ്ട് ദേശീയ പാർട്ടികളിൽ നിന്നും വോട്ടർമാർ തങ്ങളുടെ പാർട്ടിയിലേക്ക് ഒഴുകുമെന്നും എ എ പി ഭാരവാഹികൾ അവകാശപ്പെട്ടു.

"ദീർഘകാലം അധികാരത്തിലിരുന്ന ഈ പാർട്ടികളിൽ ജനങ്ങൾക്ക് മടുത്തു. ഒരു മാറ്റം ആഗ്രഹിക്കുന്നതിനാൽ അവർ എഎപിക്ക് വോട്ട് ചെയ്യും," കർണാടക സംസ്ഥാന കൺവീനർ എഎപി പൃഥ്വി റെഡ്ഡി പറഞ്ഞു. അതേസമയം,
മറാത്തി വോട്ടുകൾ നിർണായകമായ ബെലഗാവി ഉൾപ്പെടെയുള്ള കർണാടകയിലെ കിറ്റൂർ ജില്ലകളിലെ നൂറോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ തങ്ങൾ ശ്രമിക്കുന്നതായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ ഹരിയും വ്യക്തമാക്കി.
Recommended Video

എൻസിപിയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കൻ കർണാടകയിലും തെക്കൻ കർണാടകയിലും രണ്ട് പ്രത്യേക പദയാത്രകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബംഗളൂരുവിലെത്തിയ പാർട്ടി അധ്യക്ഷൻ ശരദ് പവാറും മതേതര വോട്ട് ഉറപ്പാക്കാൻ തൻറെ പാർട്ടി ചില സീറ്റുകളിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കർണാടക രാഷ്ട്രീയത്തെ സംബന്ധിച്ച് ഇവരൊന്നും വലിയ ശക്തികളല്ലെങ്കിലും പിടിക്കുന്ന വോട്ടും നിർണ്ണായകമാവും. അതില്‍ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക സ്വാഭാവികമായും കോണ്‍ഗ്രസിനാവും












Click it and Unblock the Notifications