കരുവന്നൂര്‍ ആയുധമാക്കാന്‍ ബിജെപി; സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനൊരുങ്ങി ബി ജെ പി. മുന്‍ മന്ത്രി എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തതോടെ പ്രതിരോധത്തിലായ സി പി എമ്മിനെ ലക്ഷ്യമിട്ട് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് ബി ജെ പിയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ക്രമക്കേട് ബോധ്യപ്പെട്ട ബാങ്കുകളില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ അറിയിച്ചു.
തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ വിശദീകരിച്ച് നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബി ജെ പി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെയായിരിക്കും പദയാത്ര. ഈ മാസം 21 മുതല്‍ 30 വരെ ബി ജെ പി സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കും.

അതില്‍ നിന്ന് ഉരുത്തിരിയുന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് അമിത് ഷായെ കാണുമെന്നാണ് ബി ജെ പി വ്യക്തമാക്കിയിരിക്കുന്നത്. 45 ഓളം സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുണ്ട് എന്നാണ് വിവരം. നോട്ടുനിരോധന കാലത്ത് ഒട്ടനവധി ദുരൂഹ ഇടപാടുകള്‍ ഈ ബാങ്കുകളില്‍ നടന്നിട്ടുണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം.
ഈ പശ്ചാത്തലത്തില്‍ ആണ് ബി ജെ പി ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണുന്നത്. അതേസമയം, കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടാണ് എന്നാണ് ഇ ഡി പറയുന്നത്. സതീഷ് കുമാറിലൂടെയാണ് കേസിന്റെ അന്വേഷണം നീളുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ സതീഷ് കുമാറുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ ഇ ഡി ചോദ്യം ചെയ്‌തേക്കും.
സതീഷ് കുമാറിന്റെ ഏജന്റുമാര്‍, തട്ടിപ്പിന് ഒത്താശ ചെയ്ത ആധാരമെഴുത്തുകാര്‍, പണവും സ്വാധീനവും നല്‍കി സഹായിച്ച രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരേല്ലാം ഇ ഡിയുടെ ലിസ്റ്റിലുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒമ്പതിടങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നു എന്നാണ് ഇ ഡി. കണ്ടെത്തല്‍. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി നേരത്തെ ഇ ഡി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications