കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്ത് ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് കസ്റ്റഡിയില്‍. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ പി ആർ അരവിന്ദാക്ഷനെയാണ് ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്.
ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് കാട്ടി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് ആദ്യമായിട്ടാണ് ഒരു സി പി എം നേതാവിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക നേതാക്കളാണ് കെ പി അരവിന്ദാക്ഷനും ജിജോറും.

ഇരുവരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഒന്നാം പ്രതി പി സതീഷ്കുമാർ, രണ്ടാം പ്രതി പി പി കിരൺ എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രി എസി മൊയ്തീന്റെ വിശ്വസ്തന്‍ കൂടിയാണ് ഇദ്ദേഹം.
നേരത്തെ ഇദ്ദേഹത്തെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചായിരുന്നു അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമായിരുന്നു സി പി എം നേതാവിന്റെ ആരോപണം. എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം നല്‍കിയ പരാതി വ്യാജമാണെന്നായിരുന്നു ഇഡിയുടെ അവകാശ വാദം.
അതേസമയം, പാർട്ടി നേതാക്കളെ പ്രതികളാക്കാനുള്ള സംഘപരിവാറിന്റെ തിരക്കഥ ഇഡി ഏറ്റെടുത്തിരിക്കുകയാണെന്നാണ് സി പി എം പ്രതികരണം. അതോടൊപ്പം തന്നെ ശനിയാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത് ചേർന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.
'ഒറ്റുകാരകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താകീത് ചെയ്തു' എന്ന് പല മാധ്യമങ്ങളിലും വാർത്തയായി വന്നിരിക്കുന്നു. ഇത് കഥകൾ മെനയുന്നവരുടെ ഭാവനസൃഷ്ടി മാത്രമാണ്. സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയോ നേതാക്കൾ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ പ്രവണതകളുടെ ഭാഗമാണ്.
കോൺഗ്രസ്-ബി ജെ പി പാർടികളുടെയും കേന്ദ്ര ഏജൻസികളുടെയും കടന്നാക്രമണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുന്നതിന് എടുക്കേണ്ട കാര്യങ്ങൾ മാത്രമാണ് സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തത്. ജനകീയ ക്യാമ്പയിന് പാർടി രൂപം നൽകുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഏതോ കേന്ദ്രം ഉൽപ്പാദിപ്പിച്ച തെറ്റായ ആശയം വാർത്തയായി നൽകിയ നടപടി അനുചിതമാണെന്നും സി പി എം ആരോപിച്ചു.












Click it and Unblock the Notifications