കരുവന്നൂര്‍ കേസ്: സിപിഎം നേതാക്കളെ ചോദ്യം ചെയ്ത വിട്ടയച്ചു; ബിജുവിനും വര്‍ഗീസിനും വീണ്ടും നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പികെ ബിജു, ജില്ല സെക്രട്ടേറിയേറ്റ് അംഗവും തൃശൂര്‍ നഗരസഭ കൗണ്‍സിലറുമായ പികെ ഷാജന്‍ എന്നിവരെ എട്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ ബിജുവിന്റെ അടക്കം ചോദ്യം ചെയ്യല്‍ വൈകീട്ട് ഏഴോടെയാണ് അവസാനിച്ചത്. തൃശൂരില്‍ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെ കുറിച്ചും ആസ്തി വിവരങ്ങളിലുമായിരുന്നു ചോദ്യം ചെയ്യല്‍.

ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎം വര്‍ഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. പികെ ബിജുവിനോട് വ്യാഴാഴ്ച്ചയും, എംഎം വര്‍ഗീസിനോട് ഏപ്രില്‍ 22നും വീണ്ടും ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായ ബിജുവിനെയും വര്‍ഗീസിനെയും വീണ്ടും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിക്കുകയായിരുന്നു. അതേസമയം ഇഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് എംഎം വര്‍ഗീസ് പറഞ്ഞു. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിക്കും. വീണ്ടും ആവശ്യപ്പെട്ടാലും ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020ലെ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മുന്‍ എംപിയായ പികെ ബിജുവിന് അഞ്ച് ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ മൊഴി. ഇതുപ്രകാരം രണ്ടാം തവണയാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്യാനായി വിളിച്ചത്.
കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന പികെ ബിജുവില്‍ നിന്ന് അന്വേഷണത്തിലെ കണ്ടെത്തലുകളും നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക എന്നതും ഇഡിയുടെ ചോദ്യംചെയ്യലിന് പിന്നിലുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ ആരോപണം.
രഹസ്യ അക്കൗണ്ടുകല്‍ വഴി ക്രമക്കേട് നടന്ന കാലയളവില്‍ 78 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് ഇഡി കണ്ടെത്തിയത്. ഈ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു. ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെയും ആദായ നികുതി വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമേ മറ്റ് സഹകരണ ബാങ്കുകളില്‍ അടക്കമുള്ള 81 അക്കൗണ്ടുകള്‍ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളില്ലെന്നും ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ട് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്നുമാണ് വര്‍ഗീസ് മൊഴില്‍ ആവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications